പ്രതീക്ഷയിലേക്ക് പന്തെറിയുന്ന കേരള ക്രിക്കറ്റ്
text_fieldsഒരു നൂറ്റാണ്ടിലേക്കടുക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റിൽ കേരളത്തിന് കന്നിക്കിരീടം കൈവിട്ടെങ്കിലും പ്രതീക്ഷയിലേക്ക് പന്തെറിഞ്ഞാണ് സചിൻ ബേബിയും സംഘവും നാഗ്പുരിൽനിന്ന് മടങ്ങിയത്. ഈ സീസണിൽ മറ്റൊരു ടീമിനും ലഭിക്കാത്ത അനുകൂല ഘടകങ്ങളേറെയുണ്ടായിരുന്നു കേരളത്തിന്. പക്ഷേ, കലാശക്കളിയിലെ ഏതാനും പിഴവിന് ഒരു മോഹക്കിരീടത്തോളം വിലയുമുണ്ടായിരുന്നു.
പിഴച്ചതെവിടെ?
അഞ്ചു ദിവസം നീളുന്ന ഗെയിമിൽ ഇടവേളകളിലെ തന്ത്രങ്ങളിലൂടെയാണ് കളി മുന്നോട്ടു നീങ്ങുക. ഓരോ ദിനത്തിലെയും ഓരോ സെഷനും പ്രധാനം. ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തതാണ് കളിയിലെ ആദ്യ വഴിത്തിരിവ്. ടോസ് നേടിയാൽ ബാറ്റിങ് തെരഞ്ഞെടുക്കാനായിരുന്നു വിദർഭയുടെയും തീരുമാനം. കളിമണ്ണിലൊരുക്കിയ പിച്ചിലാണ് ഇതേ മൈതാനത്ത് മുംബൈക്കെതിരെ വിദർഭ സെമി ഫൈനൽ കളിച്ചത്. ഫൈനലിലൊരുക്കിയതാവട്ടെ അവസാന ദിനം ബാറ്റിങ് ദുഷ്കരമായേക്കാവുന്ന ചെമ്മൺ പിച്ചായിരുന്നു (റെഡ് സോയിൽ). വിദർഭയെ ബാറ്റിങ്ങിനയച്ച് ശരാശരി സ്കോറിലൊതുക്കി ലീഡെടുക്കാമെന്നായിരുന്നു കേരളത്തിന്റെ കണക്കുകൂട്ടൽ.
തുടക്കത്തിലേ വിക്കറ്റ് കൊയ്ത് എം.ഡി. നിതീഷ് ക്യാപ്റ്റൻ സച്ചിന്റെ പ്ലാനുകൾക്ക് വഴിമരുന്നിട്ടെങ്കിലും ഡാനിഷ് മാലേവർ- കരുൺ നായർ ജോടിയെയും വാലറ്റത്തെയും പുറത്താക്കാൻ ഏറെ വൈകി. വിദർഭയുടെ വാലറ്റം ഒന്നാമിന്നിങ്സിൽ പത്താം വിക്കറ്റിലും രണ്ടാമിന്നിങ്സിൽ എട്ടാം വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കി. തങ്ങളുടെ വാലറ്റനിരയെ ന്യൂബാൾ നേരിടാൻ കൃത്യമായി പരിശീലിപ്പിച്ചിരുന്നതായി വിദർഭ കോച്ച് ഉസ്മാൻ ഗനി മത്സരശേഷം ‘മാധ്യമ’ത്തോട് വെളിപ്പെടുത്തിയിരുന്നു. ഓപണിങ് സ്പെല്ലുകളിൽ കേരളത്തിന്റെ ഭീഷണി നേരിടാൻ വാലറ്റക്കാരെ ടോപ് ഓർഡറിലും വിദർഭ നിയോഗിച്ചു. ബൗളർമാർ മേൽക്കൈ നേടുന്ന രാവിലത്തെ സെഷനിൽ ഇത് പ്രധാന വിക്കറ്റുകളെ കാത്തു.
അതേ നാണയത്തിൽ ബാറ്റിങ്ങിൽ കേരളം മറുപടിക്ക് ശ്രമിച്ചെങ്കിലും മധ്യനിരയിൽനിന്നൊഴികെ കാര്യമായ സംഭാവനയുണ്ടായില്ല. സ്പെഷലിസ്റ്റ് ബാറ്റർമാരായ അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ എന്നിവർക്ക് തിളങ്ങാൻ കഴിയാതെ പോയതും കേരളത്തിനു തിരിച്ചടിയായി. ഓൾറൗണ്ടർ ആദിത്യ സർവാതെയെ കൂട്ടുനിർത്തി പ്രതീക്ഷയുടെ ഭാരം ചുമലിലേറ്റിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാകട്ടെ തകർപ്പൻ ഇന്നിങ്സിനൊടുവിൽ അപ്രതീക്ഷിതമായി അനാവശ്യ ഷോട്ടിൽ പുറത്താവുകയും ചെയ്തു.
ലീഡിന് 56 റൺസ് മാത്രം അകലെയായിരുന്നു ആ സമയം കേരളം. പിന്നെയും സാധ്യതകൾ ബാക്കിനിൽക്കെ, പ്രതീക്ഷയുണ്ടായിരുന്ന ബാറ്റ്സ്മാൻ ജലജ് സക്സേന വിക്കറ്റ് കളഞ്ഞുകുളിച്ചു. 18 റൺസിനിടെ അവസാന നാല് വിക്കറ്റും കേരളം അടിയറവെച്ചു. വിദർഭയുടെ വാലറ്റം അവസരത്തിനൊത്തുയർന്നപ്പോൾ കേരളത്തിന്റെ വാലറ്റം തകർന്നടിഞ്ഞു.
കളിതിരിച്ച നാലാം ദിനം
37 റൺസിന്റെ മാത്രം ലീഡ് വഴങ്ങിയ കേരളത്തിന് മുന്നിൽ വിജയവഴി അടഞ്ഞിരുന്നില്ല. വിദർഭയെ 200-250 റൺസിനുള്ളിൽ ഒതുക്കി സ്കോർ പിന്തുടർന്നു പിടിക്കാൻ സാധ്യത ശേഷിച്ചിരുന്നു.
നാലാംദിനം വിദർഭയുടെ രണ്ടാമിന്നിങ്സിൽ ഏഴു റൺസിനിടെ ഓപണർമാരെ കേരളം കൂടാരം കയറ്റിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനാവാതെ പോയി. ഒന്നാമിന്നിങ്സിലെന്നപോലെ കരുണും ഡാനിഷും ഉറച്ചുനിന്നു. കരുണിനെ തുടക്കത്തിലേ പുറത്താക്കാൻ കിട്ടിയ സുവർണാവസരവും കേരളം പാഴാക്കി.
നാലാം ദിനം മുഴുവൻ വിദർഭയെ ബാറ്റ് ചെയ്യാൻ അനുവദിച്ച സന്ദർശകർക്ക് വെറും നാല് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 76.1 ഓവർ എറിഞ്ഞ രണ്ടാം ദിനത്തിലും 86 ഓവർ എറിഞ്ഞ മൂന്നാം ദിനത്തിലും യഥാക്രമം ഒമ്പതും ഏഴും വിക്കറ്റ് വീണിരുന്നു. മൂന്നാം ദിനം വിദർഭയുടെ സ്പിന്നർമാർ നന്നായി ടേൺ കണ്ടെത്തി വിക്കറ്റ് കൊയ്തപ്പോൾ നാലാംദിനത്തിൽ കേരളത്തിന്റെ സ്പിന്നർമാർക്ക് പിച്ചിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനായില്ല. സീസണിൽ കേരളത്തിന്റെ വിക്കറ്റ് വേട്ടക്കാരനായ ജലജ് സക്സേനക്ക് ഫൈനലിൽ രണ്ടിന്നിങ്സിലുമായി ആകെ നേടാനായത് രണ്ട് വിക്കറ്റ് മാത്രം.
വിദർഭ കിടിലൻ ടീമാണ് !
രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് വിദർഭയുടേത്. പത്തുവർഷത്തിനിടെ നാലു ഫൈനൽ. 2017-18 സീസണിലും 2018-19 സീസണിലും 2024-25 സീസണിലും കിരീടം. കഴിഞ്ഞ മാസം വിജയ് ഹസാരെ ട്രോഫിയിൽ ഫൈനലിസ്റ്റുകൾ. ഈ രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ റൺസടിച്ച ആദ്യ പത്തിൽ നാലും വിദർഭക്കാരാണ്. യാഷ് റാത്തോഡ്, കരുൺ നായർ, ഡാനിഷ് മാലേവർ, അക്ഷയ് വാഡ്കർ എന്നിവർ. ടീമിന്റെ ബാറ്റിങ് കരുത്താണിത് തെളിയിക്കുന്നത്. സീസൺ വിക്കറ്റ് വേട്ടയിൽ റെക്കോഡിട്ട ഹർഷ് ദുബെ (69) ബാറ്റിങ്ങിൽ 476 റൺസും നേടി. മറ്റൊരു താരം ധ്രുവ് ഷോറെ 467 റൺസും നേടി.
ഇത്തവണ രഞ്ജി സീസണിൽ ഏറ്റവും ബാലൻസുള്ള ടീമായിരുന്നു വിദർഭ. കളിച്ച പത്തിൽ എട്ടു മത്സരവും ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഗുജറാത്തിനെതിരെയും ഫൈനലിൽ കേരളത്തിനെതിരെയും മാത്രമാണ് സമനില വഴങ്ങിയത്. 10 മത്സരങ്ങളിൽ മൂന്നു ജയവും ഏഴു സമനിലയും ക്രെഡിറ്റിലുള്ള കേരളത്തിന് തോൽവിയില്ലാത്ത ആദ്യ രഞ്ജി സീസൺ എന്ന നേട്ടത്തിൽ അഭിമാനിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.