രഞ്ജിയിൽ ഹരിയാനക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡോടെ സമനില; മൂന്നു പോയന്‍റ്
text_fieldsലാഹ്‌ലി (ഹരിയാന): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-ഹരിയാന മത്സരം സമനിലയിൽ. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഹരിയാനക്കെതിരെ സമനില വഴങ്ങിയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി. കേരളത്തിന് മൂന്നു പോയന്‍റും ഹരിയാനക്ക് ഒരു പോയന്‍റും ലഭിക്കും.
സ്കോർ -കേരളം 291, രണ്ടിന് 125 ഡിക്ലയർ. ഹരിയാന -164, രണ്ടിന് 52. ഹരിയാനക്കെതിരെ 127 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഡിക്ലയർ ചെയ്തു. ഒരു സെഷനില്‍ 253 റണ്‍സെന്ന അസാധ്യമായ വിജലക്ഷ്യമാണ് കേരളം ആതിഥേയർക്ക് വെച്ചുനീട്ടിയത്. എന്നാൽ, ഹരിയാനക്ക് 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മത്സരം സമനിലയിൽ പിരിഞ്ഞു.
ലീഡ് നേടി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളത്തിനായി ഓപ്പണർമാരായ രോഹന്‍ കുന്നുമ്മലും നായകൻ സചിന്‍ ബേബിയും ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും 79 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. 67 പന്തില്‍ 42 റണ്‍സെടുത്ത സചിന്‍ ബേബിയെ ജെ.ജെ. യാദവ് പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ അക്ഷയ് ചന്ദ്രൻ (11 പന്തിൽ രണ്ട്) വേഗത്തിൽ മടങ്ങിയെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീനെ കൂട്ടുപിടിച്ച് ടീം സ്കോർ 100 കടത്തി. ടീം സ്കോര്‍ 125ല്‍ എത്തിയതോടെ 250 റണ്‍സ് ലീഡുറപ്പാക്കിയ കേരളം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 91 പന്തില്‍ 62 റണ്‍സെടുത്ത് രോഹനുംം 19 പന്തില്‍ 16 റണ്‍സെടുത്ത് മുഹമ്മദ് അസ്ഹറുദ്ദീനും പുറത്താകാതെ നിന്നു.
അവസാന ദിനം ഏഴിന് 139 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഹരിയാന 164 റണ്‍സിന് എല്ലാവരും പുറത്തായി. 29 റണ്‍സുമായി പൊരുതി നിന്ന നിഷാന്ത് സന്ധുവിനെ ബേസില്‍ തമ്പി പുറത്താക്കി. അന്‍ഷുല്‍ കാംബോജും യാദവും ചേര്‍ന്ന് ടീം സ്കോർ 150 കടത്തി. തൊട്ടുപിന്നാലെ 31 പന്തിൽ 10 റണ്‍സെടുത്ത കാംബോജിനെ ബേസില്‍ തമ്പി മടക്കി. പിന്നാലെ 47 പന്തിൽ 12 റൺസെടുത്ത യാദവിനെ എന്‍.പി. ബേസിലും പുറത്താക്കിയതോടെ ഇന്നിങ്സ് അവസാനിച്ചു.
കേരളത്തിനായി എം.ഡി. നിധീഷും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എന്‍.പി. ബേസില്‍ രണ്ട് വിക്കറ്റെടുത്തു. കേരളത്തിന്‍റെ തകർപ്പൻ ബൗളിങ്ങാണ് ടീമിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടികൊടുത്തത്. ഒന്നാം ഇന്നിങ്സിൽ പേസർ അൻഷുൽ കാംബോജാണ് കേരളത്തിന്‍റെ പത്തു വിക്കറ്റുകളും വീഴ്ത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ഒരിന്നിങ്സിലെ മുഴുവൻ വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ്. 30.1 ഓവറിൽ ഒമ്പത് മെയ്ഡനടക്കം 49 റൺസ് വഴങ്ങിയാണ് താരം പത്തു വിക്കറ്റ് നേടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ ബൗളര്‍ കൂടിയാണ് കാംബോജ്. ഗ്രൂപ്പിൽ ഹരിയാന തന്നെയാണ് ഒന്നാമത്. അഞ്ചു മത്സരങ്ങളിൽനിന്ന് 20 പോയന്‍റ്. രണ്ടാമതുള്ള കേരളത്തിന് ഇത്രയും മത്സരങ്ങളിൽനിന്ന് 18 പോയന്‍റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.