രക്ഷകരായി സൽമാൻ നിസാറും അസ്ഹറുദ്ദീനും; രഞ്ജിയിൽ കേരളം സെമിയിൽ
text_fieldsപുണെ: ഒറ്റ റണ്ണിന്റെ ഇതിഹാസം തീർത്ത് കേരളം രഞ്ജി ട്രോഫി സെമിയിൽ. വിജയത്തിലേക്ക് 299 റൺസും അവസാന നാലിലേക്ക് സമനിലദൂരവും മുന്നിൽനിന്ന ദിനത്തിൽ കരുത്തരായ ജമ്മു-കശ്മീരിനെതിരെ കരുത്തും കരുതലും സമംചേർത്ത് പിടിച്ചുനിന്ന് കേരളം നേടിയെടുത്തത് ജയത്തോളം പോന്ന സമനില. മറ്റു മൂന്ന് ക്വാർട്ടർ പോരാട്ടങ്ങളും നാലാം നാളിൽ അവസാനിച്ചിടത്താണ് അവസാന ദിനത്തിലെ അവസാന പന്തുവരെ പൊരുതിനിന്ന് സൽമാൻ നിസാറും അസ്ഹറുദ്ദീനും നയിച്ച് കേരളത്തെ കന്നി കിരീടത്തിന് രണ്ടു ചുവട് അകലെയെത്തിച്ചത്. സ്കോർ ജമ്മു-കശ്മീർ 280, 399/9, കേരളം 281, 295/6.
സമനില സെമിയിലേക്ക് വഴിതുറക്കുമെന്നിരിക്കെ എല്ലാം തീരുമാനിച്ചുറച്ചായിരുന്നു കേരള താരങ്ങൾ അവസാന ദിവസം ബാറ്റ് വീശിയത്. റണ്ണൊഴുക്കാൻ ശ്രമിച്ച് വിക്കറ്റ് കളയുന്നതിന് പകരം 90 ഓവർ പിടിച്ചുനിൽക്കുന്നതിലായിരുന്നു കേരള ബാറ്റർമാരുടെ ഊന്നൽ. രണ്ട് വിക്കറ്റിന് 100 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരള നിരയിൽ അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ശ്രദ്ധയോടെയാണ് ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടത് ടീം സ്കോർ 128ൽ നിൽക്കെ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനെ സാഹിൽ ലോത്രയാണ് പുറത്താക്കിയത്.
52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 180 റൺസെന്ന നിലയിലായി കേരളം. തകർച്ച മുന്നിൽ കണ്ട ടീമിന്റെ രക്ഷാദൗത്യം ഏറ്റെടുത്ത് സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് കേരളത്തിന്റെ വിജയനായകരായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 115 റൺസാണ് കൂട്ടിച്ചേർത്തത്. സൽമാൻ നിസാർ 162 പന്തുകളിൽനിന്ന് 44 റൺസ് നേടിയപ്പോൾ 118 പന്തുകളിൽനിന്ന് 67 റൺസാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ സമ്പാദ്യം. ക്യാപ്റ്റൻ സച്ചിൻ ബേബി 48 റൺസും, ജലജ് സക്സേന 18ഉം ആദിത്യ സർവാതെ എട്ടും റൺസെടുത്തു. കശ്മീരിന് വേണ്ടി യുധ്വീർ സിങ്, സാഹിൽ ലോത്ര, ആബിദ് മുഷ്താഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
2018 -19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് വിദർഭയോട് തോൽവി വഴങ്ങുകയായിരുന്നു. എന്നാൽ, ഇത്തവണ കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങി കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ വമ്പന്മാരെ തോൽപിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്. ഫോമിലുള്ള ബാറ്റിങ്, ബൗളിങ് നിരകൾക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായകമായി. അവസാന വിക്കറ്റുകളിൽ നേടിയ കൂട്ടുകെട്ടുകളായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ കേരളത്തിന് അനുകൂലമായത്. സല്മാന് നിസാര് ആണ് പ്ലെയര് ഓഫ് ദ മാച്ച്. സെമിയിൽ ഗുജറാത്താണ് കേരളത്തിന് എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈ വിദർഭയെ നേരിടും. ഈ മാസം 17നാണ് സെമി ഫൈനൽ മത്സരങ്ങൾ തുടങ്ങുക.
സൽമാൻ വീരചരിതം
പുണെ: രഞ്ജി ട്രോഫിയിൽ മുമ്പ് ഒറ്റത്തവണ മാത്രം എത്തിപ്പിടിച്ച അവസാന നാലിലേക്ക് ഒരിക്കലൂടെ കേരളം ബാറ്റുവീശിക്കയറുമ്പോൾ ഒറ്റയാൻ തിളക്കത്തോടെ തലശ്ശേരിക്കാരൻ സൽമാൻ നിസാർ. രണ്ട് ഇന്നിങ്സുകളിലായി താരം കുറിച്ച മാസ്മരിക അക്കങ്ങളായിരുന്നു മലയാളക്കര ഉറ്റുനോക്കിയ രഞ്ജി സെമി പ്രവേശം ഉറപ്പാക്കിയത്. ആദ്യ ഇന്നിങ്സിൽ ഒമ്പത് വിക്കറ്റിന് 200 റൺസുമായി നിന്ന കേരളത്തെ 11ാമനായ ബേസിൽ തമ്പിയെ കൂട്ടി 281ലെത്തിച്ചാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ജമ്മു-കശ്മീർ ഉയർത്തിയ 280നെക്കാൾ ഒറ്റ റൺ അധികം. പുറത്താകാതെനിന്ന താരം രണ്ടാം ഇന്നിങ്സിലും സമാനമായ രക്ഷാദൗത്യം ഏറ്റെടുത്തു.
166ൽ നിൽക്കെ ആറു വിക്കറ്റ് പതിച്ച് അപായമുനമ്പിൽ നിന്ന കേരളത്തെ മുഹമ്മദ് അസ്ഹറുദ്ദീനെ കൂട്ടി താരം കരകടത്തുകയായിരുന്നു. 162 പന്ത് നേരിട്ട് 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67ഉമായി അസ്ഹറുദ്ദീനും പുറത്താകാതെ നിന്നു. മുംബൈയെയടക്കം വിറപ്പിച്ചുവിട്ട ജമ്മു-കശ്മീർ ബൗളിങ്ങിനെ കരുത്തോടെ നേരിട്ട് സൂപ്പർമാൻ പരിവേഷമാർജിച്ച സൽമാന് ഇത് രാജകീയ തിരിച്ചുവരവിന്റെ കഥകൂടിയാണ്.
വർഷങ്ങൾക്ക് മുമ്പ് അച്ചടക്ക നടപടി നേരിട്ടശേഷം ടീമിൽ അനുപേക്ഷ്യ സാന്നിധ്യമായി വളർന്നതിന്റെ മനോഹര ൈക്ലമാക്സ്. 2018ലെ സംഭവത്തിൽ 13 താരങ്ങളാണ് കത്തെഴുതിയിരുന്നത്. അതിൽ പിഴ ലഭിച്ച സൽമാൻ പക്ഷേ, പ്രകടന മികവുമായി കേരളനിരയിൽ രക്ഷകനായി. അതുതന്നെയാണ് ബുധനാഴ്ച പുണെ മൈതാനത്തും കണ്ടത്.
സീസണിൽ ഒറ്റ കളി പോലും തോൽക്കാതെ ക്വാർട്ടറിലെത്തി സെമി കാത്തിരുന്ന ടീമിനെതിരെയായിരുന്നു ഇരുവർക്കുമൊപ്പം മൊത്തം കേരളത്തിന്റെയും പ്രകടനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.