രഞ്ജിയിൽ തിരിച്ചടിച്ച് കേരളം; ഹരിയാനക്ക് ഏഴു വിക്കറ്റുകൾ നഷ്ടം; ലീഡ് പ്രതീക്ഷ
text_fieldsലാഹ്‌ലി (ഹരിയാന): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഹരിയാനക്ക് ബാറ്റിങ് തകർച്ച. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 291 റൺസിന് മറുപടിയായി ബാറ്റിങ് തുടങ്ങിയ ആതിഥേയർ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 61 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിലാണ്.
കേരളത്തിന്‍റെ തകർപ്പൻ ബൗളിങ്ങാണ് കരുത്തരായ ഹരിയാനയെ തകർത്തത്. കേരളത്തിനായി എം.ഡി. നിധീഷ് 13 ഓവറിൽ രണ്ടു മെയ്ഡനടക്കം 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാക്കി വിക്കറ്റുകളും വേഗത്തിൽ സ്വന്തമാക്കി ഒന്നാം ഇന്നിങ്സ് ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് കേരളം.
സ്കോര്‍ 38ല്‍ നില്‍ക്കെ ഓപ്പണര്‍ യുവരാജ് സിങ്ങിനെ (20) മടക്കി എൻ.പി. ബേസിലാണ് ഹരിയാനക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. പത്ത് റൺസ് ചേർക്കുന്നതിനിടെ ലക്ഷ്യ സുമന്‍ ദയാലിനെ (21) ബേസില്‍ തമ്പിയും മടക്കി.
നായകൻ അങ്കിത് രാജേഷ് കുമാർ (51 പന്തിൽ 27), ഹിമാൻഷു റാണ (24 പന്തിൽ 17), ധീരു സിങ് (20 പന്തിൽ ഏഴ്), കപിൽ ഹൂഡ (75 പന്തിൽ ഒമ്പത്), സുമിത് കുമാർ (18 പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 29 റൺസുമായി നിഷാന്ത് സിന്ദുവും ഒരു റണ്ണുമായി ജയന്ത് യാദവുമാണ് ക്രീസിൽ. നേരത്തെ, എട്ടിന് 285 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് ആറ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു.
പേസർ അൻഷുൽ കാംബോജാണ് കേരളത്തിന്‍റെ പത്തു വിക്കറ്റുകളും വീഴ്ത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ഒരിന്നിങ്സിലെ മുഴുവൻ വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ്. 30.1 ഓവറിൽ ഒമ്പത് മെയ്ഡനടക്കം 49 റൺസ് വഴങ്ങിയാണ് താരം പത്തു വിക്കറ്റ് നേടിയത്. ആദ്യദിനം ബാബ അപരാജിത് (0), രോഹൻ കുന്നുമ്മൽ (55) എന്നിവരാണ് അൻഷുലിന്റെ തീപ്പന്തിനു മുന്നിൽ വിക്കറ്റ് നഷ്ടമായത്. രണ്ടാം ദിനം അക്ഷയ് ചന്ദ്രൻ (59), ക്യാപ്റ്റൻ സച്ചിൻ ബേബി (52), ജലജ് സക്സേന (4), സൽമാൻ നിസാർ (0), മുഹമ്മദ് അസ്ഹറുദ്ദീൻ (53), എം.ഡി. നിധീഷ് (10) എന്നിവരുടെ വിക്കറ്റ് വീണു. വെള്ളിയാഴ്ച ബേസിൽ തമ്പിയെയും (നാല്), ഷോൺ റോജറിനെയും (42) പുറത്താക്കി അൻഷുൽ പത്ത് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. 19-ാമത്തെ ഇന്നിങ്സിൽ 50 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളെന്ന നാഴികക്കല്ലും താരം പിന്നിട്ടു.
രഞ്ജിയിൽ പ്രേമാങ്സു ചാറ്റർജി (ബംഗാൾ), പ്രദീപ് സുന്ദരം (രാജസ്ഥാൻ) എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ഒരിന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയിട്ടുള്ളത്. ചാറ്റര്‍ജി 1956-57 സീസണില്‍ അസമിനെതിരെ ഇരുപത് റണ്‍സ് വിട്ടുകൊടുത്തും സുന്ദരം 1985-86 സീസണില്‍ വിദര്‍ഭയ്‌ക്കെതിരെ 78 റണ്‍സ് വിട്ടുകൊടുത്തുമാണ് പത്ത് വിക്കറ്റ് വീഴ്ത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ ബൗളര്‍ കൂടിയാണ് കാംബോജ്. പ്രേമാന്‍ഷു ചാറ്റര്‍ജിയും പ്രദീപ് സുന്ദരത്തിനും പുറമെ ദേബാഷിഷ് മൊഹന്തിയും അനില്‍ കുംബ്ലെയും സുഭാഷ് ഗുപ്‌തെയുമാണ് ഈ പട്ടികയിലുള്ള മറ്റുള്ളവര്‍. 1999 ഡല്‍ഹി ടെസ്റ്റില്‍ പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനം. രഞ്ജിയില്‍ ഒരിന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ കേരളത്തിന്റെ ജലജ് സക്‌സേനയാണ് കാംബോജിന് പിന്നിലുള്ളത്. ഫെബ്രുവരില്‍ ബംഗാളിനെതിരെയായിരുന്നു ജലജിന്റെ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.