രോഹന് സെഞ്ച്വറി, രാഹുൽ 91*; രഞ്ജി ട്രോഫി ട്വന്റി20-യാക്കി കേരളം
text_fieldsരാജ്കോട്ട്: ആപ്പിളുകൾ നിറഞ്ഞ ഏദൻ തോട്ടത്തിൽ എത്തിയ അവസ്ഥയിലായിരുന്നു ഏദൻ ആപ്പിൾ ടോം എന്ന 17കാരൻ. ആദ്യ ഏറിൽതന്നെ ഒരു ആപ്പിൾ എറിഞ്ഞിട്ട ഏദൻ പിന്നീട് തുരുതുരാ ആപ്പിളുകൾ വീഴ്ത്തി. കേരള സീനിയർ ടീമിനായി ആദ്യ മത്സരത്തിനിറങ്ങിയ പയ്യൻ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത് അരങ്ങേറ്റം അവിസ്മരണീയമാക്കി.
നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍റെ നേതൃത്വത്തിൽ ബൗളർമാർ തകർത്താടിയപ്പോൾ രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ് സിയിൽ മേഘാലയക്കെതിരെ കേരളം തുടക്കം കേമമാക്കി. മേഘാലയയെ 148ൽ ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപണർമാരുടെ ഉജ്ജ്വല പ്രകടനത്തിന്‍റെ മികവിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 205 റൺസെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 57 റൺസ് ലീഡായി കേരളത്തിന്.
രോഹൻ കുന്നുമ്മൽ 107 റൺസടിച്ചപ്പോൾ പി. രാഹുൽ 91 റൺസുമായി ക്രീസിലുണ്ട്. നാലു റൺസുമായി ജലജ് സക്സേനയാണ് രാഹുലിനൊപ്പം ക്രീസിൽ. ഓപണിങ് വിക്കറ്റിൽ രോഹനും രാഹുലും ചേർന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. അതിവേഗം സ്കോർ ചെയ്ത രോഹൻ 97 പന്തിൽ ഒരു സിക്സും 17 ബൗണ്ടറിയും സഹിതമാണ് 107 റൺസെടുത്തത്. രാഹുൽ 117 പന്തിൽ ഒരു സിക്സും 13 ഫോറും പായിച്ചു.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച നായകൻ സചിൻ ബേബിയുടെ തീരുമാനം ശരിവെക്കുന്ന ബൗളിങ്ങായിരുന്നു കേരള ബൗളർമാരുടേത്. നാലു പേസർമാരും ചേർന്ന് 40.5 ഓവറിലാണ് മേഘാലയയുടെ കഥ കഴിച്ചത്. ഏദൻ ആപ്പിൾ ടോം 41 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ യു. മനുകൃഷ്ണൻ 34 റൺസിന് മൂന്നു വിക്കറ്റ് പിഴുതു.
ഏറെക്കാലത്തിനുശേഷം രഞ്ജി കളിക്കുന്ന എസ്. ശ്രീശാന്ത് രണ്ടും ബേസിൽ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനിത് ബിഷ്ത് ആണ് മേഘാലയ നിരയിൽ പിടിച്ചുനിന്നത്. കിഷൻ ലിങ്ദോയും (26) ചിരാഗ് ഖുറാനയും (15) മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയ മറ്റ് ബാറ്റർമാർ.
സ്വപ്നലോകത്തെ ഏദൻ
ഏദൻ ആപ്പിൾ ടോം എന്ന കൗമാരക്കാരൻ ഇപ്പോൾ സ്വപ്നലോകത്താണ്. അല്ലെങ്കിൽ ദുബൈയിൽ കളിച്ചുനടന്നിരുന്ന പയ്യൻ ഇത്രയും ചെറുപ്രായത്തിൽ രാജ്കോട്ടിൽ കേരള രഞ്ജി ടീമിനായി പന്തെറിയുമായിരുന്നില്ലല്ലോ. മുൻ കേരള നായകൻ സോണി ചെറുവത്തൂർ കണ്ടെത്തി രാകിമിനുക്കിയെടുത്ത പ്രതിഭയാണ് ഈ വലംകൈയൻ പേസ് ബൗളർ.
കഴിഞ്ഞ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഏദന് രഞ്ജി ടീമിലേക്കുള്ള വാതിൽ തുറന്നത്. 15 വിക്കറ്റ് സ്വന്തമാക്കി ടൂർണമെന്റിൽ തിളങ്ങിയ ഏദനെ രഞ്ജി കോച്ച് മുൻ ഇന്ത്യൻ പേസർ കൂടിയായ ടിനു യോഹന്നാൻ സംസ്ഥാന ക്യാമ്പിലേക്ക് ക്ഷണിക്കുകയായിരുന്നു. ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ ഏദന്റെ പേരും. എന്നാലും പരിചയസമ്പന്നരായ ബൗളർമാരുള്ള ടീമിൽനിന്ന് ആദ്യ കളിയിൽ അരങ്ങേറ്റം കുറിക്കാനാവുമെന്ന് ആരും കരുതിയിരുന്നില്ല.
എം.ഡി. നിധീഷിനെ പോലുള്ള പേസറെ പുറത്തിരുത്തിയാണ് ടിനു ഏദന് അവസരം നൽകിയത്. പയ്യൻ പ്രതീക്ഷ കാക്കുകയും ചെയ്തു. പത്തനംതിട്ട സ്വദേശിയായ ആപ്പിൾ ടോമിന്റെയും ബെറ്റിയുടെയും മകനാണ് ഏദൻ. സോണി ചെറുവത്തൂരിന്റെ കീഴിൽ മകന്റെ പരിശീലനം തുടരാൻ ദുബൈയിലെ ജോലി വിട്ട് തിരുവനന്തപുരത്ത് താമസിക്കുകയാണ് ആപ്പിൾ ടോം.
ധുല്ലിനും രഹാനെക്കും സെഞ്ച്വറി
ഗുവാഹതി: ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് സമ്മാനിച്ച നായകൻ യഷ് ധുല്ലിന് രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ച്വറി. കന്നി ഫസ്റ്റ്ക്ലാസ് മത്സരത്തിൽ പരിചിതമല്ലാത്ത ഓപണിങ്ങിൽ ഇറങ്ങേണ്ടിവന്നിട്ടും അരങ്ങേറ്റം അവിസ്മരണീയമാക്കിയ ധുൽ ഡൽഹിക്കായി 150 പന്തിൽ 113 റൺസാണ് സ്കോർ ചെയ്തത്. ധുല്ലിന്റെ ചിറകിലേറി ഡൽഹി തമിഴ്നാടിനെതിരായ എലീറ്റ് ഗ്രൂപ് ജി മത്സരത്തിൽ ആദ്യദിനം ഏഴു വിക്കറ്റിന് 291 റൺസെടുത്തു.
ടെസ്റ്റ് ടീമിലെ സ്ഥാനം നിലനിർത്താൻ രഞ്ജി ട്രോഫിയിൽ ഫോം തെളിയിക്കാനിറങ്ങിയ വെറ്ററൻ താരം അജിൻക്യ രഹാനെയും ആദ്യ കളിയിൽ ശതകം കുറിച്ചു. അഹ്മദാബാദിൽ എലീറ്റ് ഗ്രൂപ് ഡിയിൽ സൗരാഷ്ട്രക്കെതിരെ രഹാനെയുടെയും (108*) സർഫറാസ് ഖാന്റെയും(121*) സെഞ്ച്വറികളുടെ മികവിൽ മുംബൈ ആദ്യ ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തിട്ടുണ്ട്. ഫോം കണ്ടെത്താൻ പാടുപെടുന്ന ചേതേശ്വർ പുജാര സൗരാഷ്ട്രക്കായും കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.