കൂച്ച് ബെഹാർ ട്രോഫി: കേരളത്തിന് തോൽവി
text_fieldsതിരുവനന്തപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് ഝാർഖണ്ഡിനോട് തോൽവി. 105 റൺസിനായിരുന്നു സന്ദർശകരുടെ ജയം. ആദ്യ ഇന്നിങ്സിൽ 153 റൺസ് ലീഡ് നേടിയശേഷമാണ് കേരളം മത്സരം അടിയറവെച്ചത്. 226 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ആറ് വിക്കറ്റിന് 328 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡിന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 50 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾകൂടി നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഹ്മദ് ഇമ്രാനുമായിരുന്നു കേരള ബൗളിങ് നിരയിൽ തിളങ്ങിയത്.
തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റേത് അവിശ്വസനീയമായ തകർച്ചയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ ഓം, നാല് വിക്കറ്റ് വീഴ്ത്തിയ തനീഷ് എന്നിവരുടെ പ്രകടനമാണ് ആതിഥേയരെ തകർത്തത്. 24 റൺസെടുത്ത ഓപണർ രോഹിതാണ് കേരളത്തിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ അഹ്മദ് ഇമ്രാൻ 23 റൺസിന് മടങ്ങി. ജയത്തോടെ ഝാർഖണ്ഡ് വിലപ്പെട്ട ആറ് പോയന്റ് സ്വന്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.