റൺ ബേബി റൺ; രഞ്ജി ട്രോഫി ഫൈനൽ ആവേശത്തിലേക്ക്
text_fieldsവിദർഭ താരം ഡാനിഷ് മലേവാറിനെ പുറത്താക്കിയ കേരള ബൗളർ എൻ.പി. ബേസിലിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
നാഗ്പുർ: വമ്പൻ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച വിദർഭയെ രണ്ടാം ദിനം പകുതിയിൽതന്നെ കേരളം കൂടാരം കയറ്റിയതോടെ രഞ്ജി ട്രോഫി ഫൈനൽ ആവേശത്തിലേക്ക്. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് നടക്കുന്ന കലാശക്കളിയിൽ 379 റൺസിന് പുറത്തായ വിദർഭക്കെതിരെ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 131 എന്ന നിലയിൽ പൊരുതുകയാണ്. വിദർഭയുടെ മുൻ താരം കൂടിയായ ആദിത്യ സർവാതെ ക്രീസിൽ നങ്കൂരമിട്ടപ്പോൾ നിർണായകമായ ഇന്നിങ്സ് ലീഡിന് 249 റൺസകലെയാണ് കേരളം.
ഓപണർമാരായ രോഹൻ കുന്നുമ്മൽ (0), അക്ഷയ് ചന്ദ്രൻ (14) എന്നിവരും അഹമ്മദ് ഇംറാനും (37) പുറത്തായി. അർധസെഞ്ച്വറി കുറിച്ച സർവാതെയും (120 പന്തിൽ 66) ക്യാപ്റ്റൻ സചിൻ ബേബിയുമാണ് (23 പന്തിൽ ഏഴ്) ക്രീസിൽ. കേരളത്തിനായി എം.ഡി. നിതീഷ്, ഏദൻ ആപ്പിൾ ടോം എന്നിവർ മൂന്നുവീതവും ബേസിൽ രണ്ടും ജലജ് സക്സേന ഒന്നും വിക്കറ്റ് വീഴ്ത്തി. മൂന്നാം ദിനത്തിൽ വിദർഭക്കുമേൽ ബാറ്റുകൊണ്ട് ആധിപത്യം സ്ഥാപിക്കാനായാൽ കേരളത്തിന് പ്രതീക്ഷയുണ്ട്.
● പേസർമാരുടെ വിളയാട്ടം
രണ്ടാം ദിനത്തിന്റെ തുടക്കത്തിൽതന്നെ പിച്ചിലെ ഈർപ്പം മുതലെടുത്ത് വിക്കറ്റ് കൈക്കലാക്കുകയായിരുന്നു കേരളത്തിന്റെ ലക്ഷ്യം. എന്നാൽ, പിച്ച് ചൂടുപിടിക്കുന്നതുവരെ പ്രതിരോധിക്കാനായിരുന്നു വിദർഭയുടെ കണക്കുകൂട്ടൽ. പക്ഷേ, ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് ഒന്നാന്തരമായി പന്തെറിഞ്ഞ എം.ഡി. നിതീഷും എൻ.പി. ബേസിലും ഏദൻ ആപ്പിൾ ടോമും ആദ്യ സെഷൻ കേരളത്തിന്റെ വരുതിയിലാക്കി. തലേന്നത്തെ സ്കോറിനൊപ്പം വിദർഭ 36 റൺസ് ചേർത്തപ്പോഴേക്കും ബിഗ് വിക്കറ്റ് വീണു. ബേസിലിന്റെ വകയായിരുന്നു ബ്രേക്ക് ത്രൂ. സെഞ്ച്വറിതാരം ഡാനിഷ് മാലേവറിന്റെ പ്രതിരോധം കടന്ന പന്ത് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. യാഷ് താക്കൂറിനൊപ്പം 85 പന്തിൽ തീർത്ത 51 റൺസിന്റെ കൂട്ടുകെട്ടിന് സമാപ്തി. സ്കോർ: 290/5.
285 പന്തിൽ 153 റൺസെടുത്ത ഡാനിഷ് മടങ്ങിയതോടെ ക്രീസിലെത്തിയത് യാഷ് റാത്തോഡ്. യാഷ് താക്കൂറും യാഷ് റാത്തോഡും തമ്മിലെ കൂട്ടുകെട്ട് നിലയുറപ്പിക്കും മുമ്പ് ബേസിൽ വില്ലനായി. 60 പന്തിൽ 25 റണ്ണെടുത്ത യാഷ് താക്കൂർ വിക്കറ്റിന് മുന്നിൽ കുടുങ്ങി. കേരള താരങ്ങളുടെ എൽ.ബി.ഡബ്ല്യു അപ്പീലിൽ സംശയമേതുമില്ലാതെ അമ്പയറുടെ തീരുമാനം റിവ്യൂവിന് പോലും മെനക്കെടാതെ വിദർഭയും അംഗീകരിച്ചു.
ആറിന് 295 നിലയിൽ നിൽക്കെ രക്ഷാദൗത്യത്തിന് വിദർഭ ക്യാപ്റ്റൻ അക്ഷയ് വാഡ്കർ ക്രീസിലെത്തി. എന്നാൽ, വിദർഭക്കുള്ള ഷോക്ക് ട്രീറ്റ്മെന്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ടീമിന്റെ ടോപ് സ്കോററായ വൈസ് ക്യാപ്റ്റൻ യാഷ് റാത്തോഡായിരുന്നു ഇത്തവണ ഇര. 13 പന്ത് നേരിട്ട് മൂന്നു റൺ മാത്രമെടുത്ത യാഷ് റാത്തോഡിനെ ഏദൻ ആപ്പിൾ ടോം സ്ലിപ്പിൽ രോഹന്റെ കൈകളിലെത്തിച്ചു. സ്കോർ: 297/7. ഏഴു റൺസിനിടെ കേരളം വീഴ്ത്തിയത് മൂന്നു വിക്കറ്റ്. കളിയിൽ കേരളം പിടിമുറുക്കിയ നിമിഷങ്ങൾ. പിന്നാലെ ഏദന്റെ പന്തിൽ അക്ഷയ് കാർനെവറിന്റെ ഷോട്ട് പിഴച്ച് പന്തുയർന്നെങ്കിലും സൽമാന് ക്യാച്ചിലേക്കെത്താനായില്ല. ഇതിനിടെ ബേസിലിനെ മികച്ച ഷോട്ടിലൂടെ ഫോറിന് പായിച്ച് വാഡ്കർ ടീം സ്കോർ 300 കടത്തി. ആദ്യ സെഷനിൽ 22 ഓവർ നീണ്ട പേസ് സ്പെല്ലിനു ശേഷം ക്യാപ്റ്റൻ സച്ചിൻ ബേബി ജലജ് സക്സേനയെ രംഗത്തിറക്കി സ്പിൻ പരീക്ഷിച്ചു.
വിദർഭ സ്കോർ 323ൽ നിൽക്കെ ക്യാപ്റ്റൻ വാഡ്കറിനെ ഭാഗ്യം തുണച്ചു. എം.ഡി. നിതീഷിന്റെ പന്തിൽ വാഡ്കറുടെ ഷോട്ട് ബൗണ്ടറി ലൈനിനരികിൽ ഉയർന്നുചാടിയ ബേസിലിന്റെ കൈകൾക്കിടയിലൂടെ സിക്സറിലേക്ക്. പിന്നാലെ ലെഗ്ബൈയായി നാലു റൺ. വിദർഭ 333 എന്ന മാജിക് നമ്പറിൽ നിൽക്കെ, അക്ഷയ് വീണു. ജലജിന്റെ കറങ്ങിയെത്തിയ പന്തിൽ ഷോട്ടിന് ശ്രമിച്ച അക്ഷയ് കാർനെവരെ കവറിൽ രോഹൻ കുന്നുമ്മൽ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയിൽ പിടിയിലൊതുക്കി. സ്കോർ: 333/8.
പത്താമനായെത്തിയത് ഹർഷ് ദുബെ. ജലജിന്റെ തൊട്ടടുത്ത പന്തിൽ ദുബെ ശക്തമായ അപ്പീൽ അതിജീവിച്ചു. ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ പാഡിൽ തട്ടി പന്ത് സില്ലി പോയന്റിൽ ഫീൽഡറുടെ കൈയിൽ. അമ്പയർ നോട്ടൗട്ട് വിളിച്ചെങ്കിലും കേരള ക്യാപ്റ്റൻ സച്ചിൻ ബേബി റിവ്യൂവിന്റെ സഹായം തേടി. ഏറെ സമയമെടുത്ത പരിശോധനയിൽ പക്ഷേ, അമ്പയറുടെ തീരുമാനം ശരിവെച്ചു.
വിദർഭ സ്കോർ ബോർഡിൽ രണ്ടു റൺ മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും ക്യാപ്റ്റൻ അക്ഷയ് വാഡ്കറെ ഏദൻ കൂടാരം കയറ്റി. ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തിയുയർന്ന പന്തിൽ ഷോട്ടിനുള്ള ശ്രമം വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയിലൊതുങ്ങി. 49 പന്തിൽ 23 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. ഒമ്പതു വിക്കറ്റിന് 335 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ആതിഥേയരെ ആദ്യ സെഷനിൽതന്നെ പുറത്താക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. അവസാന വിക്കറ്റിൽ നചികേത് ബൂട്ടെയും യാഷ് ദുബെയും സെഷൻ അവസാനിക്കുംവരെ ചെറുത്തുനിന്നു. എന്നാൽ, രണ്ടാം സെഷൻ ആരംഭിച്ച് മൂന്നാം ഓവറിലെ ആദ്യ പന്തിൽതന്നെ നചികേതിനെ വിക്കറ്റിന് പിന്നിൽ അസ്ഹറിന്റെ കൈയിലേൽപിച്ച് എം.ഡി. നിതീഷ് വിദർഭയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. ഹർഷ് ദുബെ പുറത്താവാതെ 28 പന്തിൽ 12 റണ്ണെടുത്തു.
● കരകയറ്റി സർവാതെ
മറുപടി ബാറ്റിങ്ങാരംഭിച്ച കേരളത്തിന് ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഓപണർ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. ക്രീസിന് തൊട്ടുമുന്നിൽ പതിച്ച ദർശൻ നൽഖണ്ഡെയുടെ പന്തിൽ ഇൻസൈഡ് എഡ്ജിൽ വിക്കറ്റിൽ പതിച്ച് രോഹൻ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ മാത്രം. വൺഡൗണായെത്തിയത് വിദർഭക്കാരൻ കൂടിയായ ആദിത്യ സർവാതെ. യാഷ് താക്കൂർ എറിഞ്ഞ രണ്ടാം ഓവറിൽ മൂന്നു ബൗണ്ടറിയടക്കം 13 റണ്ണടിച്ച ഓപണർ അക്ഷയ് ചന്ദ്രനും (11 പന്തിൽ 14) അധികം ആയുസ്സ് ലഭിച്ചില്ല. അടുത്ത ഓവറിൽ നൽഖണ്ഡെയുടെ പന്തിൽ വീണ്ടും ഇൻസൈഡ് എഡ്ജ് വിക്കറ്റ്.
സർവാതെക്കൊപ്പം യുവതാരം അഹമ്മദ് ഇംറാൻ ചേർന്നതോടെ ഇരുവരും അടിത്തറയിട്ട് സ്കോറുയർത്തി. എട്ട് ഓവർ പിന്നിട്ടപ്പോഴേക്കും വിദർഭ ക്യാപ്റ്റൻ അക്ഷയ് വാഡ്കർ സ്റ്റാർ സ്പിന്നർ ഹർഷ് ദുബെയെ രംഗത്തിറക്കി. കേരളത്തിന്റെ സ്കോർ 43ൽ നിൽക്കെ ഒമ്പതു റൺ മാത്രമുണ്ടായിരുന്ന ഇംറാന്റെ വിക്കറ്റ് നഷ്ടമാവേണ്ടതായിരുന്നു. നചികേതിന്റെ പന്തിൽ രണ്ടാം സ്ലിപ്പിൽ ക്യാച്ച് ചോർന്നു. പിന്നാലെ ടീം സ്കോർ 50 പിന്നിട്ടു. രണ്ടാം സെഷനിലെ അവസാന ഓവറിലെ അവസാന പന്തിൽ പാർഥ് രേഖഡെയുടെ ശക്തമായ എൽ.ബി.ഡബ്ല്യു അപ്പീൽ ഇംറാൻ അതിജീവിച്ചു. സെഷൻ അവസാനിക്കുമ്പോൾ കേരളം രണ്ടിന് 57 എന്ന നിലയിലായിരുന്നു.
മൂന്നാം സെഷനിൽ റണ്ണൊഴുക്ക് കുറച്ച് വിക്കറ്റ് കാക്കുക എന്നതായിരുന്നു കേരളം ലക്ഷ്യമിട്ടത്. ശ്രദ്ധയോടെ ബാറ്റേന്തിയ സർവാതെക്ക് തന്റെ രണ്ടാമത്തെ രഞ്ജി മത്സരം മാത്രം കളിക്കുന്ന ഇംറാൻ മികച്ച പിന്തുണ നൽകി. ചായയുടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയയുടൻ സർവാതെ അർധസെഞ്ച്വറി തികച്ചു. 90 പന്തിൽ എട്ട് ബൗണ്ടറിയടക്കമായിരുന്നു സ്വന്തം മണ്ണിൽ സർവാതെയുടെ ഫിഫ്റ്റി പ്രകടനം. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തിയതിന് പിന്നാലെ ഇംറാൻ മടങ്ങി.
യാഷ് താക്കൂറിന്റെ കുത്തിയുയർന്ന പന്തിൽ അനാവശ്യമായി പുൾഷോട്ടിന് ശ്രമിച്ചത് മിഡ്വിക്കറ്റിൽ പകരക്കാരൻ ഫീൽഡർ മോഖഡെയുടെ കൈയിൽ ഒതുങ്ങി. 83 പന്തിൽ മൂന്നു ബൗണ്ടറിയടക്കം 37 റൺസായിരുന്നു സമ്പാദ്യം. സ്കോർ: 107/3. അഞ്ചാമനായിറങ്ങിയ ക്യാപ്റ്റൻ സച്ചിൻ ബേബി പിടിച്ചുനിന്നതോടെ മറ്റു നഷ്ടങ്ങളില്ലാതെ കേരളം രണ്ടാം ദിനം കളി അവസാനിപ്പിച്ചു.
● കപ്പിലേക്കെന്ത് ദൂരം?
മധ്യനിരയുടെ ചെറുത്തുനിൽപിൽ തരക്കേടില്ലാത്ത ടോട്ടൽ കണ്ടെത്തിയ വിദർഭക്കെതിരെ കേരളം അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ രഞ്ജി ട്രോഫി ഫൈനലിന്റെ ഫലവും അപ്രവചനീയം. ആദ്യ സെഷനുകളിൽ പേസ് ബൗളർമാരെ അകമഴിഞ്ഞു സഹായിക്കുന്ന പിച്ചിൽ മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ കേരളം എത്ര പിടിച്ചുനിൽക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിജയസാധ്യതകൾ. അഞ്ചുദിവസത്തെ കളിയിൽ ഇനി മൂന്നു ദിവസം ശേഷിക്കുന്നുണ്ട്.
മൂന്നാം ദിനം മുഴുവൻ ബാറ്റുചെയ്ത് നിർണായകമായ ലീഡ് പിടിക്കാനായാൽ കേരളത്തിന് മുന്നിൽ കിരീട സാധ്യത നിലനിൽക്കുന്നു.ഏഴു വിക്കറ്റ് ശേഷിക്കെ വിദർഭയുടെ സ്കോർ മറികടക്കാൻ കേരളത്തിന് 249 റൺസ് വേണം. അതേസമയം, ലീഡെടുക്കാൻ അനുവദിക്കാതെ കേരളത്തെ നേരത്തേ പുറത്താക്കാനായാൽ കളി ആതിഥേയർക്കനുകൂലമാവും.
വിദർഭയിലെ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് കൂടുതൽ വിജയസാധ്യതയെന്ന ചരിത്രം കേരളത്തിന് അനുകൂലമാണ്. എന്നാൽ, പിച്ചിന്റെ സ്വഭാവം ദിവസം ചെല്ലുംതോറും ബൗളർമാരെ തുണക്കുന്നതിനാൽ കേരളത്തിന്റെ ചെറുത്തുനിൽപ് പ്രധാനമാണ്. ആദ്യ ദിനം വീണതിന്റെ ഇരട്ടി വിക്കറ്റ് രണ്ടാംദിനം വീണിരുന്നു. മൂന്നു ദിവസം ശേഷിക്കുന്നതിനാൽ ഇന്നിങ്സ് ലീഡ് പിടിക്കാൻ ഇരു ടീമും നടത്തുന്ന പോരാട്ടമാകും മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.