വീണ്ടും പരാജയമായി സഞ്ജു; കേരളത്തിന്റെ ജയത്തിലും നിരാശ പങ്കുവെച്ച് ആരാധകർ
text_fieldsആളൂർ: നായകൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ കേരളത്തിന് ജയം. വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരക്കെതിരെ 119 റൺസിനായിരുന്നു ജയം പിടിച്ചത്. ആദ്യം ബാറ്റുചെയ്ത കേരളം 47.1 ഓവറിൽ 231 റൺസെടുത്ത് പുറത്തായപ്പോൾ ത്രിപുരയുടെ മറുപടി 27.1 ഓവറില്‍ 112 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 46 റണ്‍സെടുത്ത രജത് ദേയാണ് അവരുടെ ടോപ് സ്കോറര്‍. കേരളത്തിനായി അഖിന്‍ സത്താറും അഖില്‍ സ്കറിയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ രണ്ടുപേരെ മടക്കി.
61 പന്തിൽ 58 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു കേരളത്തിന്റെ ടോപ് സ്കോറർ. രോഹൻ കുന്നുമ്മൽ 44ഉം ശ്രേയസ് ഗോപാൽ 41ഉം റൺസെടുത്തു. അഞ്ചു പന്തുകൾ നേരിട്ട സഞ്ജു ഒരു റൺ മാത്രമെടുത്ത് പുറത്തായത് ആരാധകരെ നിരാശരാക്കി. ത്രിപുര ബൗളർ ദേബ്നാഥിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ടൂർണമെന്റിൽ കേരളത്തിന്റെ നായകനായ സഞ്ജുവിന് ഇതുവരെ ഒരു അർധ സെഞ്ച്വറി മാത്രമാണ് നേടാനായത്. മുംബൈക്കെതിരെ 83 പന്തുകളിൽ 55 റൺസെടുത്ത താരം ഒഡിഷക്കെതിരെ 15ഉം സൗരാഷ്ട്രക്കെതിരെ 30ഉം റൺസെടുത്ത് പുറത്തായിരുന്നു. തൊട്ടു മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ രണ്ട് അർധ സെഞ്ച്വറികളാണ് താരം നേടിയത്.
ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ യുവ ടീമിനെ അയച്ചപ്പോഴും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ മിക്ക സീനിയർ താരങ്ങൾക്കും വിശ്രമം നൽകിയപ്പോഴും സഞ്ജുവിന് ഇടം നൽകാത്തതിനെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ ഉയർത്തിയിരുന്നത്.
വെള്ളിയാഴ്ച സിക്കിമിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ മൂന്ന് വിക്കറ്റിന് തോൽപിച്ച കേരളം മുംബൈയോട് തോറ്റെങ്കിലും ഒഡിഷക്കെതിരെ 78 റൺസിന് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.