വിജയ് ഹസാരെ ട്രോഫി: ഒഡീഷയെ തകർത്ത് കേരളം, ഉത്തപ്പക്ക് സെഞ്ച്വറി, ശ്രീശാന്തിന് രണ്ടു വിക്കറ്റ്
text_fieldsബംഗളൂരു: 35 വയസ്സ് പിന്നിട്ട കേരളത്തിെൻറ അതിഥിതാരം റോബിൻ ഉത്തപ്പ പ്രായത്തെവെല്ലുന്ന സെഞ്ച്വറിയുമായി (107) കരുത്തറിയിച്ചപ്പോൾ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വിജയത്തുടക്കം.മഴകളിച്ച മത്സരത്തിൽ ഒഡിഷക്കെതിരെ ഡക്വർത്ത്-ലൂയിസ് നിയമപ്രകാരം 34 റൺസിനാണ് കേരളത്തിെൻറ ജയം.
സ്കോർ: ഒഡിഷ 258/8, കേരളം: 233/4. (38.2). മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ നിശ്ചിത 45 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം 38.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തുനിൽക്കെ വീണ്ടും മഴയെത്തി. ഇതോടെയാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്.
വിലക്കു കഴിഞ്ഞ് ദീർഘകാലത്തിനുശേഷം ഏകദിന ഫോർമാറ്റിൽ കളിക്കാനിറങ്ങിയ പേസ് ബൗളർ എസ്. ശ്രീശാന്ത് രണ്ടു വിക്കറ്റ് വീഴ്ത്തി തുടക്കം ഗംഭീരമാക്കി. വിജയത്തോടെ ഗ്രൂപ് സിയിൽ കേരളത്തിന് നാലു പോയൻറായി. കേരളത്തിെൻറ അടുത്ത മത്സരം 22ന് ഉത്തർപ്രദേശിനെതിരെയാണ്.ഒഡിഷ ഉയർത്തിയ 259 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിന് റോബിൻ ഉത്തപ്പ 85 പന്തിൽ 10 ഫോറും നാലു സിക്സും സഹിതം നേടിയ 107 റൺസാണ് കരുത്തായത്.
വിഷ്ണു വിനോദ് (28) ഉത്തപ്പക്ക് മികച്ച തുടക്കം നൽകി. സഞ്ജു സാംസണിെൻറ (4) വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും സചിൻ ബേബി 40 റൺസുമായി ഉത്തപ്പയോടൊപ്പം പൊരുതി. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത വത്സൽ ഗോവിന്ദ്-മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം കേരളത്തെ വിജയിപ്പിക്കുകയായിരുന്നു. ഒഡിഷക്കായി സന്ദീപ് പട്നായക് (66), കാർത്തിക് ബിസ്വാൾ (45) എന്നിവർ തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.