കേരളത്തിന്‍റെ വിദർഭക്കാരൻ സർവാതെ Vs വിദർഭയുടെ മലയാളി കരുൺ നായർ
text_fieldsനാഗ്പുർ: വിദർഭയുടെ മൈതാനത്ത് വിദർഭക്കാരനായ ആദിത്യ സർവാതെയുമായി കേരളം കലാശക്കളിക്കിറങ്ങിയപ്പോൾ, വിദർഭക്കായി കേരളത്തിനെതിരെ മലയാളിയായ അന്താരാഷ്ട്ര താരം കരുൺ നായരും പാഡുകെട്ടി. കേരളത്തിനായി ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങുന്ന സർവാതെ വിദർഭയുടെ രണ്ടു കിരീടനേട്ടത്തിലും പങ്കാളിയായിട്ടുണ്ട്. ഈ സീസണിൽ എട്ടു കളിയിൽനിന്നായി 30 വിക്കറ്റ് ഇതുവരെ നേടി.
2012 മുതൽ 2023 വരെ കർണാടക സ്ക്വാഡിന്‍റെ ഭാഗമായിരുന്ന കരുൺ 2023 സീസൺ മുതൽ വിദർഭ ടീമിന്‍റെ ഭാഗമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺഷെയർ താരംകൂടിയാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 48.64 ശരാശരിയുള്ള വലംകൈയൻ ബാറ്റർ 20 സെഞ്ച്വറിയടക്കം 7637 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിൽ ആർ.സി.ബി, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ് ടീമുകൾക്കായും കളിച്ചു.
കഴിഞ്ഞ മാസം വിജയ് ഹസാരെ ട്രോഫിയിൽ വിദർഭയെ നയിച്ച ഈ 33കാരൻ തകർപ്പൻ പ്രകടനത്തോടെ ലോക റെക്കോഡും കുറിച്ചിരുന്നു. തുടർച്ചയായി കൂടുതൽ കളിയിൽ പുറത്താവാതെ ഏറ്റവും കൂടുതൽ റൺ (542) സ്കോർ ചെയ്ത താരമെന്ന റെക്കോഡാണ് ന്യൂസിലൻഡ് ഓൾറൗണ്ടർ ജയിംസ് ഫ്രാങ്ക്ലിനെ പിന്തള്ളി കരുൺനായർ നേടിയത്. അഞ്ച് സെഞ്ച്വറിയടക്കം 779 റൺസാണ് വിജയ് ഹസാരെയിൽ കരുണിന്‍റെ നേട്ടം.
രഞ്ജിയിൽ ഇതുവരെ എട്ടു മത്സരങ്ങളിൽനിന്നായി മൂന്നു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയുമടക്കം 642 റൺസ് സ്വന്തം പേരിൽ ചേർത്തു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോം തുടർന്നിട്ടും കരുണിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കാത്തത് ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ചർച്ചയായിരുന്നു. വീരേന്ദർ സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ട്രിപ്ൾ സെഞ്ച്വറി നേടിയ ഏകതാരംകൂടിയാണ് കരുൺ നായർ. അതും അരങ്ങേറ്റത്തിൽ !

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.