മലയാളി താരം വി.ജെ. ജോഷിത അണ്ടർ 19 ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ
text_fieldsമുംബൈ: വനിതാ ക്രിക്കറ്റിലെ പുത്തൻ മലയാളി താരോദയം വി.ജെ. ജോഷിത ഐ.സി.സി അണ്ടര്‍ 19 വനിത ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ.
2025 ജനുവരി 18 മുതൽ ഫെബ്രുവരി രണ്ടുവരെ മലേഷ്യയിലാണ് ലോകകപ്പ്. ബംഗ്ലാദേശിനെ തോൽപിച്ച് പ്രഥമ അണ്ടര്‍ 19 ഏഷ്യാ കപ്പിൽ കിരീടം നേടിയ ഇന്ത്യന്‍ ടീമിലും ജോഷിത അംഗമായിരുന്നു. ഫൈനലിൽ വയനാട് കൽപറ്റ സ്വദേശിനിയായ ജോഷിത ഒരു വിക്കറ്റും നേടി. മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്‌ലക്കും പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയിൽനിന്നുള്ള പുത്തൻ താരോദയം കൂടിയാണ് ജോഷിത.
ജനുവരി 19ന് വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലേഷ്യ, ശ്രീലങ്ക, വെസ്റ്റിൻഡീസ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തിൽ ജനുവരി 21ന് മലേഷ്യയുമായും 23ന് ശ്രീലങ്കയുമായും ഇന്ത്യ ഏറ്റുമുട്ടും. വനിതാ പ്രീമിയര്‍ ലീഗിലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗം കൂടിയാണ് ജോഷിത. കേരള അണ്ടർ 19 ടീം ക്യാപ്റ്റനും അണ്ടർ 23 സീനിയർ ടീം അംഗവുമാണ്.
സുൽത്താൻബത്തേരി സെന്‍റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്. കൽപറ്റയിലെ ന്യൂ ഫോം ഹോട്ടൽ ജീവനക്കാരനായ ജോഷിയുടെയും ഫാൻസി ഷോപ് ജീവനക്കാരിയായ ശ്രീജയുടെയും മകളാണ്. സഹോദരി ജോഷ്ന. കൽപറ്റ മൈതാനി ഗ്രാമത്തുവയലിലാണ് കുടുംബം താമസിക്കുന്നത്. മുണ്ടേരി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പരിശീലകനായ അമൽ ബാബു ജോഷിതയുടെ കളിമികവ് തിരിച്ചറിയുന്നത്.
ഈ വർഷം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ഇന്ത്യൻ ടീമിൽ ഇടം നേടാനായത്. കഴിഞ്ഞ വർഷം വിമൻസ് പ്രീമിയർ ലീഗിൽ (ഡബ്ല്യു.പി.എൽ) ഡൽഹി ക്യാപിറ്റൽസിന്‍റെ നെറ്റ് ബൗളറായിരുന്നു. അസോസിയേഷൻ കോച്ച് അമൽ ബാബുവിന്റെ കോച്ചിങ് ക്യാമ്പിലൂടെയാണ് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി സെലക്ഷൻ ലഭിച്ചത്.
അണ്ടര്‍ 19 ട്വന്‍റി20 ലോകകപ്പ് ഇന്ത്യൻ ടീം – നിക്കി പ്രസാദ് (ക്യാപ്റ്റന്‍), സനിക ചക്ലെ, ജി. ത്രിഷ, ജി. കമാലിനി (വൈസ് ക്യാപ്റ്റന്‍), ഭാവിക അഹിരെ, ഈശ്വരി അവസരെ, വി.ജെ. ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിതാ കിഷോര്‍, എം.ടി. ശബ്നം, എസ്. വൈഷ്ണവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.