സമനില തെറ്റിച്ച് സഞ്ജുവിന്റെ ഡിക്ലറേഷൻ; രഞ്ജി ട്രോഫിയിൽ വിജയം പിടിച്ചെടുത്ത് കേരളം
text_fieldsറാഞ്ചി: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ കേരളത്തിന് 85 റണ്‍സ് ജയം. സമനിലയാവുമെന്ന് പ്രതീക്ഷിച്ച മത്സരത്തെ കേരളത്തിനനുകൂലമാക്കിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ഡിക്ലറേഷൻ തീരുമാനം ആയിരുന്നു. അവസാന ദിവസം ലഞ്ചിന് ശേഷം ഝാര്‍ഖണ്ഡിന് മുമ്പിൽ 323 റണ്‍സിന്‍റെ വിജയലക്ഷ്യമിട്ട കേരളം അവരെ 237 റണ്‍സിന് പുറത്താക്കിയാണ് ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ 475 റൺസ് അടിച്ച കേരളം രണ്ടാം ഇന്നിങ്സ് ഏഴിന് 187 എന്ന നിലയിൽ നിൽക്കെയാണ് ഡിക്ലയർ ചെയ്തത്. ആദ്യ ഇന്നിങ്സിൽ 340 റൺസാണ് ഝാര്‍ഖണ്ഡ് നേടിയിരുന്നത്.
323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഝാര്‍ഖണ്ഡിനായി ഓപണ്‍ ചെയ്യാനെത്തിയ ഇഷാന്‍ കിഷൻ (22) തുടക്കത്തിലേ മടങ്ങി. ഒരു ഘട്ടത്തിൽ ഏഴിന് 112 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ അവരെ എട്ടാം വിക്കറ്റില്‍ ഒത്തുചേർന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷ്ഗരയും മനീഷിയും ചേര്‍ന്നാണ് കരകയറ്റിയത്. സ്കോർ 231ൽ എത്തിച്ചാണ് ഇരുവരും വഴിപിരിഞ്ഞത്.
ഉജ്വലമായി ബാറ്റ് ചെയ്ത കുഷ്ഗരയെ (116 പന്തില്‍ 92) ബൗള്‍ഡാക്കി ജലജ് സക്സേനയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പൊരുതിനിന്ന മനീഷിയെ (23) ബേസില്‍ തമ്പിയും ആശിശ് കുമാറിനെ (0) ജലജ് സക്സേനയും വീഴ്ത്തി കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് സിങ് (32) സൗരഭ് തിവാരി (37) എന്നിവരും ഝാര്‍ഖണ്ഡിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ അഞ്ചും ജലജ് സക്സേന നാലും വിക്കറ്റെടുത്ത് ജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ കേരളം അതിവേഗം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഓപണര്‍ രോഹന്‍ പ്രേം 86 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. അക്ഷയ് ചന്ദ്രന്‍ (15), സച്ചിന്‍ ബേബി (13), ജലജ് സക്സേന (23), ഷോണ്‍ റോജര്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം നഷ്ടമായത്. രോഹന്‍ കുന്നുമ്മേൽ (ആറ്) ഇന്നലെ തന്നെ ഔട്ടായിരുന്നു. സിജോമോന്‍ ജോസഫ് (ഒമ്പത്) പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.