'അവൻ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിൽ'; ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനെ നിർദേശിച്ച് പീറ്റേഴ്സൺ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഏറ്റവും യോഗ്യനായ താരം രോഹിത് ശർമയാണെന്ന് ഇംഗ്ലണ്ട് മുൻ ബാറ്റർ കെവിൻ പീറ്റേഴ്സൺ. ഏഴു വർഷം ടീമിനെ നയിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീം നായക സ്ഥാനം ഒഴിഞ്ഞത്. നിലവിൽ ഇന്ത്യൻ പരിമിത ഓവർ ടീമിന്റെ നായകനാണ് രോഹിത്ത്.
'രോഹിത് ശർമ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായിരിക്കും, കാരണം അദ്ദേഹത്തിന്റെ നേതൃപാടവം വളരെ മികച്ചതായിരുന്നു. കൂടാതെ അദ്ദേഹത്തിന് അഞ്ച് ഐ.പി.എൽ ട്രോഫികളുണ്ട്. ടെസ്റ്റ് ക്യാപ്റ്റൻസിക്കായുള്ള മത്സരത്തിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല'-പീറ്റേഴ്സൺ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
യു.എ.ഇയിൽ നവംബറിൽ നടന്ന ലോകകപ്പിന് ശേഷം ട്വന്റി20 നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ട്വന്റി20 നായകനായി രോഹിത്തിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. പരിമിത ഓവർ ക്രിക്കറ്റിൽ ഒരുനായകൻ മതിയെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതോടെ കോഹ്ലിയുടെ ഏകദിന നായക സ്ഥാനം തെറിച്ചു.
'വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റനായിരുന്നു, പക്ഷേ സ്ഥാനം ഒഴിയണമെന്നത് വ്യക്തിപരമായ തീരുമാനമായിരിക്കാം, അതിൽ ആർക്കും ഇടപെടാൻ കഴിയില്ല'-പീറ്റേഴ്സൺ പറഞ്ഞു.
നിലവിൽ കെ.എൽ. രാഹുലിന്റെ കീഴിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പയിൽ കളിച്ചുകൊണ്ടിരിക്കുകയാണ് കോഹ്ലിയിപ്പോൾ. ഫെബ്രുവരിയിൽ ശ്രീലങ്കക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് നായകനെ തെരഞ്ഞെടുക്കുക എന്നതാകും ബി.സി.സി.ഐക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.