‘സഞ്ജുവിന്റെ ബാറ്റിങ്ങിനെ ചോദ്യം ചെയ്യില്ല’; മോശം ഫോമിലും താരത്തെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് നായകൻ
text_fieldsരാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിങ് നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്നു മത്സരങ്ങളിൽനിന്ന് 34 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.
രാജ്‌കോട്ടില്‍ ഇന്ത്യ പരാജയപ്പെട്ട മത്സരത്തിൽ ആറ് പന്തില്‍ മൂന്ന് റണ്‍സെടുത്താണ് താരം പുറത്തായത്. ആദ്യ ട്വന്‍റി20യിൽ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം മത്സരത്തിൽ അഞ്ച് റണ്‍സെടുത്തും മടങ്ങി. മൂന്നു തവണയും ഇംഗ്ലണ്ട് പേസർ ജോഫ്ര അർച്ചറുടെ അതിവേഗ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്. പിന്നാലെ താരത്തിന്‍റെ ബാറ്റിങ്ങിനെ വിമർശിച്ച് മുൻതാരങ്ങളായ സുനിർ ഗവാസ്കർ, അമ്പാട്ടി റായിഡു എന്നിവർ രംഗത്തുവന്നിരുന്നു.
സഞ്ജുവിന്റെ കഴിവുകേട് പുറത്തായെന്നായിരുന്നു മുന്‍ താരം ആകാശ് ചോപ്രയുടെ പ്രതികരണം. എന്നാൽ, താരത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണമാണ് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ നടത്തിയത്. സഞ്ജുവിന്‍റെ ബാറ്റിങ്ങിനെ ചോദ്യം ചെയ്യില്ലെന്ന് പറഞ്ഞ പീറ്റേഴ്സൺ, തുടർന്നുള്ള മത്സരങ്ങളിലും താരത്തിന് പിന്തുണ നൽകി. ‘ഷോട്ട് ബാളുകൾ മികച്ച രീതിയിൽ കളിക്കുന്ന താരമാണ് സഞ്ജു, താരത്തിന്‍റെ ബാറ്റിങ് ശരിക്കും ഇഷ്ടപ്പെടുന്നു. മൂന്നു മത്സരങ്ങളിലെ പരാജയത്തിനു പിന്നാലെ താരത്തിന്‍റെ ഫോമിനെയും ബാറ്റിങ്ങിനെയും ഞാൻ ചോദ്യം ചെയ്യില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ സഞ്ജുവിന്‍റെ പ്രകടനം നമ്മളെല്ലാവരും കണ്ടതാണ്. വലിയ ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ്. ക്രിക്കറ്റ് കരിയറിൽ ഇത്തരം തിരിച്ചടികൾ സ്വാഭാവികമാണ്. ചില സമയങ്ങളിൽ നിങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടാം’ -പീറ്റേഴ്സൺ പറഞ്ഞു.
സ്ഥിരതയുള്ള ബാറ്റിങ്ങാണ് നടത്തിയിരുന്നത്. ആറു മാസം തുടർച്ചയായി പരജായപ്പെടുകയാണെങ്കിൽ മാത്രമേ സഞ്ജുവിനെ വിമർശിക്കു. താരം മികച്ചൊരു ബാറ്ററാണ്. വലിയ സ്കോർ നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു. മൂന്നു മത്സരങ്ങളിലും സഞ്ജു-അഭിഷേക് ഓപ്പണിങ് ജോഡികൾക്ക് വലിയ കൂട്ടുകെട്ട് പടുത്തുയർത്താനായിട്ടില്ല. രാജ്കോട്ടിൽ വരുൺ ചക്രവർത്തി അഞ്ചു വിക്കറ്റുമായി തിളങ്ങിയെങ്കിലും ഇന്ത്യ ബാറ്റിങ് മറന്നതാണ് തിരിച്ചടിയായത്. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 35 പന്തിൽ 40 റൺസെടുത്താണ് താരം പുറത്തായത്. മറ്റു താരങ്ങൾക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല.
സഞ്ജു സാംസൺ (ആറു പന്തിൽ മൂന്ന്), അഭിഷേക് ശർമ (14 പന്തിൽ 24), നായകൻ സൂര്യകുമാർ യാദവ് (ഏഴു പന്തിൽ 14), തിലക് വർമ (14 പന്തിൽ 18), വാഷിങ്ടൺ സുന്ദർ (15 പന്തിൽ ആറ്), അക്സർ പട്ടേൽ (16 പന്തിൽ 15), ധ്രുവ് ജുറേൽ (നാലു പന്തിൽ രണ്ട്), മുഹമ്മദ് ഷമി (നാലു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റൺസുമായി രവി ബിഷ്ണോയിയും ഒരു റണ്ണുമായി വരുൺ ചക്രവർത്തിയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജെയ്മി ഓവർടൻ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചറും ബ്രൈഡൻ കാർസും രണ്ടു വിക്കറ്റ് വീതവും മാർക്ക് വുഡ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
അർധ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 14 മാസത്തെ ഇടവേളക്കുശേഷം പേസർ മുഹമ്മദ് ഷമി ആദ്യമായി ഇന്ത്യക്കായി കളിക്കാനിറങ്ങിയെങ്കിലും താളം കണ്ടെത്തിയില്ല. മൂന്നു ഓവറിൽ 25 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. അർഷ്ദീപ് സിങ്ങിന് പകരക്കാരനായാണ് താരം പ്ലെയിങ് ഇലവനിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.