കിങ് കോഹ്ലി റിട്ടേൺ; ഹോങ്കോങ്ങിന് 193 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: കിങ് കോഹ്ലിയുടെ തിരിച്ചുവരവും സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ടും കണ്ട മത്സരത്തിൽ ഹോങ്കോങ്ങിന് മുന്നിൽ മികച്ച വിജലക്ഷ്യമുയർത്തി ഇന്ത്യ. ഏഷ്യകപ്പ് സൂപ്പർ ഫോർ യോഗ്യതതേടിയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 192 റൺസെടുത്തു. 44 പന്തിൽ 59 റൺസെടുത്ത വിരാട് കോഹ്ലിയും 26 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.
ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ചേസ് ചെയ്ത് ജയിച്ച ഇന്ത്യയുടെ ആത്മവിശ്വാസമാണ് ഹോങ്കോങിനെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിലെ സൂപ്പർ ഫിനിഷർ ഹർദിക് പാണ്ഡ്യക്ക് പകരം റിഷാബ് പന്തിനെ ഉൾപെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ ഗോൾഡൻ ഡക്കായ ലോകേഷ് രാഹുൽ ശ്രദ്ധയോടെയാണ് തുടങ്ങിയത്. മറുവശത്ത് നായകൻ രോഹിത് ശർമ അടിച്ച് തകർക്കാനുള്ള മൂഡിലായിരുന്നു. എന്നാൽ, അച്ചടക്കത്തോടെ പന്തെറിഞ്ഞ ഹോങ്കോങ് ബൗളർമാർ ഇന്ത്യയെ വരിഞ്ഞുമുറക്കുമെന്ന് തോന്നി.
ആദ്യ പത്തോവറിൽ 70 റൺസ് മാത്രമെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. സ്കോർ 38ൽ എത്തിയപ്പോൾ നായകൻ രോഹിത് (13 പന്തിൽ 21) പുറത്തായി. ശുക്ലയുടെ പന്തിൽ ഐസാസിന് പിടികൊടുക്കുകയായിരുന്നു. 13ാം ഓവറിൽ മുഹമ്മദ് ഗസൻഫാറിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് പിടികൊടുത്ത് രാഹുലും (39 പന്തിൽ 36) മടങ്ങി. പിന്നീടായിരുന്നു കോഹ്ലി-സൂര്യകുമാർ കൂട്ടുകെട്ടിന്‍റെ അഴിഞ്ഞാട്ടം. കോഹ്ലി വളരെ ശ്രദ്ധയോടെ ഒരറ്റം കാത്തപ്പോൾ സൂര്യകുമാർ അഴിഞ്ഞാടി. അവസാന ഓവറിൽ നാല് സിക്സറുകൾ പറത്തിയ സൂര്യകുമാർ ആകെ ആറ് സിക്സും ആറ് ബൗണ്ടറികളും നേടി. ഹോങ്കോങ്ങിനായി ആയുഷ് ശുക്ല, ഗസൻഫാർ എന്നിവരാണ് വിക്കറ്റ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.