പീലിവിടർത്തി ഗെയിൽ; തുടർച്ചയായ അഞ്ചാം ജയത്തോടെ പഞ്ചാബ് നാലാമത്
text_fieldsഐ.പി.എല്ലിെൻറ ആദ്യ പകുതിയിൽ തന്നെ പുറത്തിരുത്തിയ കിങ്സ് ഇലവൻ പഞ്ചാബിനോട് കണക്കുതീർത്ത് വെടിക്കെട്ടുവീരൻ ക്രിസ് ഗെയിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന നിർണായക മത്സരത്തിൽ എട്ട് വിക്കറ്റ് ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 7 പന്തുകള്‍ ബാക്കി നില്‍ക്കെ അവർ മറികടന്നു. ഒരു വശത്ത് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിൽ കത്തിക്കയറിയപ്പോൾ മറുവശത്ത് ശ്രദ്ധയോടെ ബാറ്റ് വീശിക്കൊണ്ട് മൻദീപ് സിങ് ശക്തമായ പിന്തുണ നൽകി.
29 പന്തിൽ 51 റൺസെടുത്ത ഗെയിലിെൻറ ബാറ്റിൽ നിന്ന് എണ്ണംപറഞ്ഞ അഞ്ച് സിക്സുകളും രണ്ട് ഫോറുകളുമാണ് പിറന്നത്. മൻദീപ് സിങ് 56 പന്തിൽ 66 റൺസുമായി വിക്കറ്റുപോവാതെ കാത്തു. കെ.എൽ രാഹുൽ 28 റൺസെടുത്ത് പുറത്തായിരുന്നു. ഇതുവരെ ഗെയിൽ പഞ്ചാബിന് വേണ്ടി കളിച്ചത് അഞ്ച് മത്സരങ്ങളാണ്. അതിൽ അഞ്ചിലും വിജയിച്ചത് ഗെയിലിെൻറ സാന്നിധ്യം ടീമിലുണ്ടാക്കിയ ഉണർവ് കാണിക്കുന്നു.
ജയത്തോടെ കെ.എൽ രാഹുലിെൻറ ടീം പോയിൻറ് പട്ടികയിൽ നാലാമതായി മുന്നേറുകയും ചെയ്തു. കൊൽക്കത്തക്കും പഞ്ചാബിനും 12 പോയിൻറുകളാണ് നിലവിലുള്ളത്. എന്നാൽ റൺറേറ്റിെൻറ ബലത്തിൽ പഞ്ചാബ് നാലാം സ്ഥാനത്തെക്ക് ഉയരുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയായിരുന്നു ലഭിച്ചത്. മൂന്നിന് 10 റണ്‍സെന്ന നിലയില്‍ നിന്നും ശുബ്മാന്‍ ഗില്ലും ഇയാന്‍ മോര്‍ഗനും കൂടിയാണ് സ്കോർ ഉയർത്തിയത്. 45 പന്തിൽ 57 റൺസെടുത്ത ഗില്ലും 25 പന്തിൽ 40 റൺസെടുത്ത മോർഗനും വാലറ്റത്ത് 13 പന്തിൽ 24 റൺസുമായി പൊരുതിയ ലോക്കി ഫെർഗൂസനുമല്ലാതെ കെ.കെ.ആറിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. മുഹമ്മദ് ഷമി പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റുകൾ പിഴുതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.