കോഹ്ലിയോ, സചിനോ അല്ല! റോൾ മോഡൽ വെസ്റ്റിൻഡീസ് താരമെന്ന് കെ.കെ.ആർ ഓൾ റൗണ്ടർ
text_fieldsമുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ (കെ.കെ.ആർ) ഓൾ റൗണ്ടർ രമൺദീപ് സിങ്ങിന് ഇന്ത്യൻ ട്വന്‍റി20 ടീമിലേക്കുള്ള വഴി തുറന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ നാലു ട്വന്‍റി20 പരമ്പരക്കുള്ള ടീമിലാണ് താരം ഇടംനേടിയത്. കഴിഞ്ഞ ഐ.പി.എല്ലിൽ കൊൽക്കത്തക്ക് കിരീടം നേടികൊടുക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു.
വെസ്റ്റിൻഡീസ് ഓൾ റൗണ്ടറും ഐ.പി.എല്ലിൽ സഹതാരവുമായ ആന്ദ്രെ റസ്സലാണ് രമൺദീപിന്‍റെ റോൾ മോഡൽ. ഇന്ത്യൻ ടീമിൽ റസ്സലിനെപോലെ സ്വാധീനം ചെലുത്തനാണ് ആഗ്രഹിക്കുന്നതെന്ന് താരം വ്യക്തമാക്കി. ‘ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ എന്‍റെ റോൾ മോഡൽ ആന്ദ്രെ റസ്സലാണ്. അദ്ദേഹത്തിന്‍റെ അതേ സ്വാധീനം എനിക്കുണ്ടാക്കണം. ഞാൻ ക്രീസിലെത്തുമ്പോൾ കളി കൈവിട്ടു പോകുമോ എന്ന ഭയം എതിരാളികളിൽ ജനിപ്പിക്കണം. അത്തരത്തിലുള്ള സ്വാധീനമാണ് ഇന്ത്യൻ ടീമിൽ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്’ -രമൺദീപ് പറഞ്ഞു.
അടുത്തിടെ നടന്ന എ.സി.സി എമേർജിങ് ഏഷ്യ കപ്പിൽ പാകിസ്താനെതിരെ രമൺദീപിന്‍റെ ഒറ്റകൈ ഡൈവിങ് ക്യാച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സെമിയിൽ അഫ്ഗാനെതിരെ 34 പന്തിൽ താരം 64 റൺസെടുത്തെങ്കിലും മത്സരം 20 റൺസിന് ഇന്ത്യ തോറ്റു. കഴിഞ്ഞ ഐ.പി.എൽ സീസണിൽ പരിശീലകൻ ഗൗതം ഗംഭീർ താരങ്ങൾക്ക് അരമണിക്കൂർ വമ്പനടികൾക്കു മാത്രമായി പ്രത്യേക പരിശീലന സെഷൻ ഉൾപ്പെടുത്തിയിരുന്നു. ഈസമയം റസ്സൽ നൽകിയ നിർദേശങ്ങൾ തുടർന്നുള്ള മത്സരങ്ങളിൽ ഏറെ പ്രയോജനപ്പെട്ടതായും രമൺദീപ് കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കക്കെതിരെ നാല് മത്സരങ്ങളടങ്ങുന്ന ട്വന്‍റി20 പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രമണ്‍ദീപ് സിങ്ങും വിജയകുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍.
ടീം: സുര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.