അയ്യയ്യേ.. കയ്യിലിരുന്ന കളി കൊൽകത്തക്ക് ദാനംചെയ്ത് പഞ്ചാബ്
text_fieldsഅബുദബി: കിങ്സ് ഇലവൻ പഞ്ചാബിെൻറ മോശം ഫോമിന് ഒരു മാറ്റവുമില്ല. അനായാസം ജയിക്കാവുന്ന മത്സരം കൊൽകത്ത നൈറ്റ് റൈഡേഴ്സിന് ദാനംനൽകിയ പഞ്ചാബിന് രണ്ടുറൺസ് തോൽവി.
ഐ.പി.എല്ലിലെ തുടർതോൽവികൾക്കിടയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പഞ്ചാബിെൻറ പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 164 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബ് ഒരുഘട്ടത്തിൽ ഒരു വിക്കറ്റിന് 115 റൺസ് എന്ന നിലയിലായിരുന്നു.
അവസാന മൂന്നോവറുകളിൽ സുനിൽ നരൈെൻറയും പ്രസീദ് കൃഷ്ണയുടെയും പന്തുകൾക്ക് മുമ്പിൽ പഞ്ചാബ് ബാറ്റ്സ്മാൻമാർ പരുങ്ങിയതോടെ അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടത് 14 റൺസ്. നരൈെൻറ കുത്തിത്തിരിയുന്ന പന്തുകൾക്ക് മുമ്പിൽ നട്ടം തിരിഞ്ഞ മാക്സ്വെലിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന പന്തിൽ ജയിക്കാൻ വേണ്ട ഏഴുറൺസിനായി ഉയർത്തിയടിച്ച മാക്സ്വെല്ലിെൻറ ഷോട്ട് ബൗണ്ടറി ലൈനിന് മില്ലിമീറ്റർ അകലെ വീണ് ബൗണ്ടറിയായതോടെ കൊൽകത്തക്ക് രണ്ട് റൺസിെൻറ അവിശ്വസനീയ ജയം സ്വന്തമായി.
ഫോമിലുള്ള മായങ്ക് അഗർവാളിനെ (56) കൂട്ടുപിടിച്ച് നായകൻ കെ.എൽ. രാഹുലാണ് (74) പഞ്ചാബിനെ വിജയത്തോട് അടുത്തെത്തിച്ചത്. കൊൽകത്തക്കായി പ്രസിദ് കൃഷ്ണ മൂന്നും സുനിൽ നരൈൻ രണ്ടും വിക്കറ്റ് വീഴ്ത്തി. കൈയ്യിലിരുന്ന മറ്റൊരു മത്സരം കൂടി കൈവിട്ട പഞ്ചാബിന് സീസണിലെ ആറാംതോൽവിയാണിത്.
ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി തിളങ്ങിയത് നായകൻ ദിനേശ് കാർത്തിക്കായിരുന്നു. 29 പന്തിൽ നിന്നും 58 റൺസെടുത്ത കാർത്തികിെൻറ ബാറ്റിങ്ങ് മികവിലാണ് കൊൽകത്ത ഭേദപ്പെട്ട സ്കോറിലെത്തിയത്. 47 പന്തിൽ നിന്നും 57 റൺസുമായി ശുഭ്മാൻ ഗിൽ ടീമിന് മികച്ച അടിത്തറ നൽകി. പഞ്ചാബിനായി മുഹമ്മദ് ഷമിയും അർഷദീപ് സിങ്ങും രവി ബിഷ്ണോയിയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.