ചായകോപ്പയിലെ കൊടുങ്കാറ്റ്! രോഹിത്തിന്‍റെ വൈറൽ വിഡിയോയിൽ പ്രതികരിച്ച് കൊൽക്കത്ത സി.ഇ.ഒ
text_fieldsകൊല്‍ക്കത്ത: മുംബൈ ഇന്ത്യൻസിൽ ഗ്രൂപ്പ് തർക്കം കൂടുതൽ രൂക്ഷമാകുന്നതിന്‍റെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ടീമിന്‍റെ നായകനാക്കിയത് മുതലാണ് ടീമിൽ തർക്കം തുടങ്ങുന്നത്.
ആരാധകരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ ടീം രണ്ടു ഗ്രൂപ്പുകളായി. മുതിർന്ന താരങ്ങൾ ഉൾപ്പെടെ ഒരു വിഭാഗം രോഹിത്തിനൊപ്പവും മറുവിഭാഗം ഹാർദിക്കിനൊപ്പവുമാണ് നിൽക്കുന്നത്. ഡ്രസ്സിങ് റൂമിൽ ഉൾപ്പെടെ ടീമിലെ ഭിന്നത പ്രകടമായിരുന്നു. സീസണിൽ ടീം ആരാധകരെ തീർത്തും നിരാശരാക്കി.
പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ. കളിച്ച 13 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഹാർദിക്കിന് തൊട്ടതെല്ലാം പിഴച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും താരത്തിന് തിളങ്ങാനായില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ അവസാനമായി കളിച്ചത്. അതിലും ടീം തോറ്റു. ഇതിനിടെയാണ് രോഹിത്തും കൊൽക്കത്ത ബാറ്റിങ് പരിശീലകൻ അഭിഷേക് നായരും തമ്മിലുള്ള സ്വകാര്യ സംഭാഷണ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
മത്സരത്തിനു മുന്നോടിയായി ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനം നടത്തവെ തനിക്കരികിലെത്തിയ അഭിഷേകിനോട് രോഹിത് സംസാരിക്കുന്നതാണ് വിഡിയോ. മുംബൈ ടീമിന്‍റെ പേരെടുത്ത് പറയുന്നില്ലെങ്കിലും അവിടെ ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രോഹിത് അഭിഷേകിനോട് പറയുന്നത് വിഡിയോയിലുണ്ട്. പിന്നാലെ സീസണൊടുവിൽ രോഹിത് മുംബൈ വിടുമെന്ന അഭ്യൂഹവും ശക്തമായി. ‘ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നെ ഇതൊന്നും ബാധിക്കില്ല. അവരാണ് തീരുമാനം എടുക്കേണ്ടത്. എന്തൊക്കെ സംഭവിച്ചാലും അതെന്‍റെ വീടാണ് ഭായ്. ഇതെന്‍റെ അവസാനത്തേതാണെന്നു’മാണ് രോഹിത് വിഡിയോയിൽ പറയുന്നത്.
രോഹിത് സീസണൊടുവില്‍ വിരമിക്കുകയോ, മുംബൈ വിട്ട് മറ്റൊരു ടീമില്‍ ചേരുകയോ ചെയ്യുമെന്ന ചർച്ചകളും പിന്നാലെ ശക്തമായി. പലവിധ അഭ്യൂഹങ്ങൾ പരിക്കുന്നതിനിടെ കൊൽക്കത്ത ടീം സി.ഇ.ഒ വെങ്കി മൈസൂർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അതൊരു ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നാണ് വെങ്കി പറയുന്നത്.
‘എനിക്ക് അതിനെക്കുറിച്ച് അറിയില്ല, അതൊരു ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് കരുതുന്നു. ദൈവത്തിന് അറിയാവുന്നതുപോലെ അവർ നല്ല സുഹൃത്തുക്കളാണ്. ചില വികൃതികൾ സൃഷ്ടിക്കാൻ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. ഞാൻ രണ്ടുപേരോടും സംസാരിച്ചു, അവർ മറ്റെന്തൊക്കെയോ സംസാരിക്കുകയായിരുന്നു’ -വെങ്കി പ്രതികരിച്ചു. അടുത്ത ഐ.പി.എല്‍ സീസണില്‍ രോഹിത് ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത ടീമിൽ കളിക്കണമെന്ന് കഴിഞ്ഞ ദിവസം വസീം അക്രം അഭിപ്രായപ്പെട്ടിരുന്നു.
രോഹിത് മുംബൈ വിട്ട് ചെന്നൈ ടീമിന്‍റെ നായകനാവണമെന്നാണ് ഒരുവിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്തായാലും സീസണൊടുവില്‍ മുംബൈ ടീമില്‍ നിന്ന് രോഹിത് പടിയിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായെന്നാണ് ആരാധകർ പറയുന്നത്. ഏത് ടീമിലേക്കാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സീസണൊടുവിൽ താരം ഐ.പി.എല്ലിൽനിന്ന് വിരമിക്കുമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.