എന്‍റെ ബോയ്സിന്...ചാമ്പ്യന്മാർക്ക്...; ഐ.പി.എൽ കിരീട നേട്ടത്തിനു പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി ഷാറൂഖ് ഖാൻ
text_fieldsമുംബൈ: ഐ.പി.എൽ കിരീട നേട്ടത്തിനു പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖ് ഖാൻ.
ടീമിലെ താരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫിനെയും ആരാധകരെയും അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമത്തിലാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത തങ്ങളുടെ മൂന്നാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്. സീസണിലുടനീളം ടീമിനെ പ്രോത്സാഹിപ്പിച്ചും ജയത്തിലും തോൽവിയിലും താരങ്ങളെയും ആരാധകരെയും ചേർത്തുനിർത്തിയും ബോളിവുഡിന്‍റെ ബാദുഷ ഗാലറിയിലും മൈതാനത്തും നിറസാന്നിധ്യമായിരുന്നു.
‘എന്‍റെ ബോയ്സിന്...എന്‍റെ ടീമിന്... എന്‍റെ ചാമ്പ്യന്മാർക്ക്... ഈ രാത്രിയാൽ അനുഗ്രഹിക്കപ്പെട്ടവർ... കെ.കെ.ആറിന്‍റെ നക്ഷത്രങ്ങളെ...’ എന്നു പറഞ്ഞാണ് താരത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. വിജയികൾക്കുള്ള കപ്പുമായി ഷാറൂഖും കുടുംബവും മറ്റു ഉടമകളും ടീമിലെ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ഫ്ലയിങ് ക്വിസ് നൽകുന്ന ഗ്രൂപ്പ് ഫോട്ടോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എനിക്ക് മാത്രമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനാകില്ല, നിങ്ങൾക്കും ചെയ്യാനാകില്ല... എന്നാൽ, നമ്മളൊരുമിച്ചാൽ പലതും ചെയ്യാനാകും. അതിനാണ് കെ.കെ.ആർ നിലകൊള്ളുന്നത്. ഒരുമിച്ച് നിൽക്കുക. ഗൗതം ഗംഭീറിന്‍റെ കഴിവിനും മാർഗനിർദേശത്തിനും... ചന്ദുവിന്‍റെ ആത്മാർഥതക്കും... അഭിഷേക് നായരുടെ സ്നേഹത്തിനും... ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിനും അപ്പുറമാണ്...ഈ ടീം ഒരു അധികാരശ്രേണിയുടെ അടിസ്ഥാനത്തിലല്ല നിർമിച്ചിരിക്കുന്നത്, സഹകരണവും ബഹുമാനവും മാത്രമാണ് അതിന്‍റെ നിലനിൽപ്’ -ഷാറൂഖ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
മൂന്നാം ഐ.പി.എൽ കിരീടത്തിനായി 10 വർഷം കാത്തിരുന്ന ടീം ആരാധകരോടും താരം നന്ദി പറയുന്നുണ്ട്. 2012ലും 2014ലുമാണ് ഇതിനു മുമ്പ് കൊൽക്കത്ത കിരീടം നേടിയത്. ‘ഓരോ കെ.കെ.ആർ ആരാധകരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു, ദുഷ്‌കരമായ സമയം അധികകാലം നീണ്ടുപോകില്ലെന്ന് ലോകമെമ്പാടുമുള്ള ചെറുപ്പക്കാർ മനസിലാക്കുമെന്ന് ഞാൻ കരുതുന്നു….2025ൽ നമുക്ക് സ്റ്റേഡിയത്തിൽ കാണാം’ -കിങ് ഖാൻ പറയുന്നു. ടീമിന്‍റെ മൂന്നു കിരീട നേടത്തിലും ഗംഭീറിന് നിർണായക പങ്കുണ്ടായിരുന്നു. ആദ്യ രണ്ടു കിരീട നേട്ടങ്ങളിൽ ടീമിന്‍റെ ക്യാപ്റ്റനായും ഒടുവിൽ മെന്‍ററായും. ഐ.പി.എൽ ചരിത്രത്തിൽ ക്യാപ്റ്റനായും മെന്‍ററായും കിരീടം നേടുന്ന ഒരോയൊരു താരമാണ് ഗംഭീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.