ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീർ? ബി.സി.സി.ഐ ചർച്ച നടത്തി
text_fieldsമുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ മുൻ താരവും ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററുമായ ഗൗതം ഗംഭീറിനെ ബി.സി.സി.ഐ സമീപിച്ചതായി റിപ്പോർട്ട്.
ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. കുടുംബത്തോടൊപ്പം കഴിയാൻ താൽപര്യം പ്രകടിപ്പിച്ച ദ്രാവിഡ്, ഇനി പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കില്ലെന്നാണ് വിവരം. ദ്രാവിഡിന് താൽപര്യമുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കാമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സീനിയർ ടീമിന്‍റെ പരിശീലകന ചുമതല ഏറ്റെടുക്കുന്നതിൽ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) ചുമതല വഹിക്കുന്ന വി.വി.എസ്. ലക്ഷ്മണും താൽപര്യമില്ലായ്മ അറിയിച്ചിരുന്നു. ഗംഭീറിനെ ബന്ധപ്പെട്ടെങ്കിലും ഐ.പി.എല്ലിനുശേഷം പറയാമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഗംഭീറിനു കീഴിൽ സീസണിൽ തകർപ്പൻ ഫോമിലാണ് കൊൽക്കത്ത.
സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീം കൊൽക്കത്തയാണ്. എന്നാൽ, ഗംഭീറിന് അന്താരാഷ്ട, ദേശീയ തലത്തിൽ ടീമിനെ പരിശീലിപ്പിച്ച് പരിചയമില്ല. ഐ.പി.എല്ലിൽ കൊൽക്കത്തയുടെ മെന്‍ററാകുന്നതിനു മുമ്പ്, ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ പരിശീലക ചുമതല വഹിച്ചിരുന്നു. ഇന്ത്യൻ ടീമിന്‍റെ വിജയങ്ങളിലെല്ലാം നിർണായക പങ്കുവഹിച്ച താരമാണ് ഗംഭീർ. 2007 ട്വന്‍റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കീരിടങ്ങൾ നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.