ലേലത്തിൽ കിട്ടിയത് 23.75 കോടി, പഠനം നിർത്താൻ പ്ലാനില്ല; പിഎച്ച്.ഡി പൂർത്തിയാക്കുമെന്ന് വെങ്കടേഷ് അയ്യർ
text_fieldsകൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണു മുന്നോടിയായി നടന്ന താരലേലത്തിൽ 23.75 കോടി രൂപക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. ഏതാനും വർഷങ്ങൾക്കു മുമ്പ് 20 ലക്ഷം രൂപക്ക് ഐ.പി.എല്ലിലെത്തിയ വെങ്കടേഷ്, വളരെ വേഗത്തിലാണ് 20 കോടിക്ക് മുകളിൽ വിലയുള്ള താരങ്ങളിലൊരാളായി മാറിയത്. ഇത്തവണ ഓൾറൗണ്ടറെ ടീമിൽ നിലനിർത്താതിരുന്ന കൊൽക്കത്ത, ലേലത്തിൽ വൻതുകയെറിഞ്ഞ് വെങ്കടേഷിനെ വീണ്ടും സ്വന്തമാക്കുകയായിരുന്നു.
എന്നാൽ കോടികൾ പ്രതിഫലമായി ലഭിച്ചാലും പഠനം തുടരുക എന്നതാണ് തന്റെ നയമെന്ന് വ്യക്തമാക്കുകയാണ് വെങ്കടേഷ്. നിലവിൽ എം.ബി.എ പൂർത്തിയാക്കിയ താരം, ഗവേഷണ വിദ്യാർഥി കൂടിയാണ്. കളിയോടൊപ്പം പഠനത്തിലും മികവ് പുലർത്തിയാണ് എപ്പോഴും മുന്നോട്ടുപോയത്. ക്രിക്കറ്റ് എല്ലായ്പ്പോഴും തനിക്ക് കളിക്കാനാകില്ലെന്നും, എത്ര പ്രായമായാലും വിദ്യാഭ്യാസം തന്നോടൊപ്പം ഉണ്ടാകുമെന്നും 29കാരനായ വെങ്കടേഷ് പറയുന്നു. കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഫിനാൻസിൽ പിഎച്ച്.ഡി ചെയ്യുന്ന വെങ്കടേഷ് അയ്യർ മനസ്സു തുറന്നത്.
‘‘ക്രിക്കറ്റു മാത്രമായി മുന്നോട്ടുപോകുകയെന്നത് എന്റെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഞാൻ നന്നായി പഠിച്ചു. കളിയോടൊപ്പം പഠനത്തിലും മികവ് പുലർത്തിയാണ് ഞാൻ മുന്നോട്ടുപോയത്. പുതിയൊരു താരം മധ്യപ്രദേശ് ടീമിലെത്തുമ്പോൾ ഇപ്പോഴും പഠിക്കുന്നുണ്ടോയെന്നാണ് ആദ്യം ചോദിക്കുക. വിദ്യാഭ്യാസം മാത്രമാണ് മരണം വരെയും നമ്മുടെ കൂടെയുണ്ടാകുക. 60 വയസ്സുവരെ ഒരാൾക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല.
ജീവിക്കണമെങ്കിൽ നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം വേണം. എപ്പോഴും ക്രിക്കറ്റിനെക്കുറിച്ചു മാത്രം ചിന്തിച്ചാൽ കൂടുതൽ സമ്മർദത്തിലാകും. ഒരു സമയത്ത് രണ്ടു കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിൽ ഞാൻ അതു ചെയ്യും. ക്രിക്കറ്റ് താരങ്ങൾ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം. ബിരുദമോ, ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കാൻ പറ്റുമെങ്കിൽ അതു ചെയ്യണം. ഞാന്‍ ഫിനാൻസിൽ പിഎച്ച്.ഡി ചെയ്യുകയാണ്. അടുത്ത തവണ ഡോക്ടർ വെങ്കടേഷ് അയ്യരെയാകും നിങ്ങൾ ഇന്‍റർവ്യൂ ചെയ്യുക’’ –കൊൽക്കത്ത താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.