രാഹുലിന് ആസ്ട്രേലിയൻ മണ്ണിലും രക്ഷയില്ല! ഇന്ത്യ എ ടീം 161 റൺസിന് പുറത്ത്
text_fieldsമെൽബൺ: ബോർഡർ ഗവാസ്കർ ട്രോഫിക്കു മുന്നോടിയായി ഫോം കണ്ടെത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ എ ടീമിനായി കളിക്കാനിറങ്ങിയ കെ.എൽ. രാഹുലിന് കഷ്ടകാലം തുടരുന്നു!
ആസ്ട്രേലിയ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ താരം നാലു റൺസെടുത്ത് പുറത്തായി. ബാറ്റർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ എ ടീം ആദ്യ ദിനം തന്നെ 57.1 ഓവറിൽ 161 റൺസിന് കൂടാരം കയറി. രാഹുലിനു പുറമേ സഹ ഓപ്പണർ അഭിമന്യു ഈശ്വരൻ (0), സായ് സുദർശൻ (0), നായകൻ ഋതുരാജ് ഗെയ്ക്‌വാദ് (നാല്) എന്നിവരെല്ലാം വന്നപോലെ മടങ്ങി. 11 റൺസെടുക്കുന്നതിനിടെ നാലു മുൻനിര വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ധ്രുവ് ജുറേലിന്‍റെ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് കരകയറ്റിയത്. താരം 186 പന്തിൽ 80 റൺസെടുത്തു. ഇന്ത്യൻ നിരയിൽ ജുറേലിനെ കൂടാതെ, ദേവ്ദത്ത് പടിക്കൽ (55 പന്തിൽ 26), നിതീഷ് കുമാർ റെഡ്ഡി (35 പന്തിൽ 16), പ്രസിദ്ധ് കൃഷ്ണ (37 പന്തിൽ 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. തനുഷ് കൊട്ടിയാൻ (പൂജ്യം), ഖലീൽ അഹ്മദ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അഞ്ചു റൺസുമായി മുകേഷ് കുമാർ പുറത്താകാതെ നിന്നു.
അക്കൗണ്ട് തുറക്കുംമുമ്പേ ഇന്ത്യക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. അഞ്ചാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുമായി ദേവ്ദത്ത് പടിക്കൽ-ജുറേൽ സഖ്യമാണ് ഇന്ത്യയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ഇരുവരും 53 റൺസാണ് കൂട്ടിച്ചേർത്തത്. 12.2 ഓവറിൽ അഞ്ചു മെയ്ഡൻ സഹിതം 27 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത മൈക്കൽ നെസറാണ് ഇന്ത്യയെ തകർത്തത്.
ബ്യൂ വെബ്സ്റ്റർ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ ആസ്ട്രേലിയയോട് ഏഴു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. നാലു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ബാബ ഇന്ദ്രജിത്ത്, ഇഷാൻ കിഷൻ, മാനവ് സുതർ, നവ്ദീപ് സെയ്നി എന്നിവർക്കു പകരമാണ് കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, തനുഷ് കൊട്ടിയൻ, ഖലീൽ അഹമ്മദ് എന്നിവർ ടീമിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.