ലോകകപ്പിലെ ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ച്വറി; രോഹിത്തിനെ മറികടന്ന് രാഹുൽ
text_fieldsലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ച്വറി കുറിച്ച് കെ.എൽ. രാഹുൽ. ലീഗ് റൗണ്ടിൽ നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്.
62 പന്തിലായിരുന്നു താരത്തിന്‍റെ സെഞ്ച്വറി. ഡെച്ച് പേസർ ബാസ് ഡി ലീഡിനെ തുടർച്ചയായി രണ്ടു സിക്സർ പറത്തിയാണ് രാഹുൽ മൂന്നക്കത്തിലെത്തിയത്. ഈ ലോകകപ്പിലെ താരത്തിന്‍റെ രണ്ടാം സെഞ്ച്വറിയാണിത്. ഈ ലോകകപ്പിൽ തന്നെ അഫ്ഗാനിസ്താനെതിരെ 63 പന്തിൽ രോഹിത് ശർമ നേടിയ അതിവേഗ സെഞ്ച്വറി റെക്കോഡാണ് രാഹുൽ മറികടന്നത്.
64 പന്തിൽ 102 റൺസെടുത്ത രാഹുൽ ബാസ് ഡി ലീഡിന്‍റെ പന്തിലാണ് പുറത്തായത്. നാലു സിക്സും 11 ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. നാലാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും രാഹുലും ചേർന്ന് നേടിയ 208 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. ഒമ്പത് മത്സരങ്ങളിൽനിന്നായി രാഹുൽ 347 റൺസാണ് നേടിയത്. ശരാശരി 69.40ഉം സ്ട്രൈക്ക് റേറ്റ് 93ഉം.
ലോകകപ്പിലെ റൺവേട്ടക്കാരിൽ ഇന്ത്യൻ താരങ്ങളിൽ വിരാട് കോഹ്ലിക്കും (594) രോഹിത്ത് ശർമക്കും (503) ശ്രേയസ്സിനും (421) പിന്നിൽ നാലാമതാണ് രാഹുൽ. നെതർലൻഡ്സിനെതിരെ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 410 റൺസെടുത്തു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്. 94 പന്തിൽ 128 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. അഞ്ചു സിക്സും 10 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 84 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.