പരിക്ക്: കെ.എൽ രാഹുലിന് ഏഷ്യാ കപ്പ് നഷ്ടമായേക്കും; വിടവ് നികത്താൻ സഞ്ജു സാംസൺ..?
text_fieldsലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ ദയനീയ പരാജയത്തിന് പിന്നാലെ ഒരു മാസത്തെ അപൂർവ ഇടവേള ആസ്വദിക്കുകയാണ് നിലവിൽ ഇന്ത്യൻ ടീം . ജൂലൈ-ആഗസ്ത് മാസങ്ങളിലായി നടക്കുന്ന ഒരു മാസത്തെ വെസ്റ്റ് ഇൻഡീസ് പര്യടനമാണ് രോഹിത് ശർമയെയും സംഘത്തെയും ഇനി കാത്തിരിക്കുന്നത്. എന്നാൽ ഏഷ്യാ കപ്പ് തൊട്ടുപിന്നാലെ തന്നെയുണ്ട്.
ആഗസ്റ്റ് 31-ന് ആരംഭിക്കുന്ന ഏഷ്യൻ രാജ്യങ്ങളുടെ പോരാട്ടത്തിൽ ഏറ്റവും മികച്ച താരങ്ങളെ തന്നെ ഇന്ത്യക്ക് ആവശ്യമുണ്ട്. കാരണം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പ് ഒരുക്കത്തിനുള്ള അവസരമാണ് ഏഷ്യാ കപ്പ്. എന്നാൽ, കഴിഞ്ഞ ഐ.പി.എൽ സീസണിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന പ്രധാന ബാറ്റർ കെഎൽ രാഹുലിന് ഏഷ്യൻ പോരിൽ കളിക്കാൻ കഴിഞ്ഞേക്കില്ല.
താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയെന്നും ഏഷ്യാ കപ്പ് കളിച്ചേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകൾ വന്നിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സമയമെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. വിക്കറ്റ് കീപ്പർ കൂടിയായ രാഹുലിന്റെ അഭാവം മലയാളിയായ സഞ്ജു സാംസണിനായിരിക്കും ഗുണം ചെയ്യുക.
ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരിൽ ഒരാൾക്ക് മാത്രമാകും ഏഷ്യാ കപ്പിൽ അവസരം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് ഇന്ത്യൻ ടീമിലിടം ലഭിച്ചിട്ടുണ്ട്. വിൻഡീസിനെതിരെ മികവ് കാട്ടിയാൽ താരത്തിന് ഏഷ്യാ കപ്പിലേക്കുള്ള നറുക്ക് വീഴും. ഏഷ്യാ കപ്പിലെ താരത്തിന്റെ പ്രകടനം അടിസ്ഥാനമാക്കി ഒരുപക്ഷെ ഏകദിന ലോകകപ്പിലും സഞ്ജു സാംസൺ കളിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ, ശ്രീശാന്തിന് ശേഷം ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമെന്ന റെക്കോർഡും സഞ്ജുവിന് സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.