ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങളിൽ രാഹുൽ കളിക്കില്ല; പകരം കിഷനോ അതോ സഞ്ജുവോ?
text_fieldsമുംബൈ ഏഷ്യ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കെ.എൽ. രാഹുൽ കളിക്കില്ല. ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡാണ് ഇക്കാര്യം അറിയിച്ചത്.
പരിക്കിൽനിന്ന് മോചിതനായ 31കാരനെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പാകിസ്താൻ, നേപ്പാൾ എന്നിവർക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി. ടീം പ്രഖ്യാപിക്കുമ്പോൾ തന്നെ രാഹുലിന് ചെറിയ പ്രയാസങ്ങളുണ്ടെന്ന് ബി.സി.സി.ഐ ചീഫ് സെലക്ടറായ അജിത് അഗാർക്കർ സൂചന നൽകിയിരുന്നു.
‘രാഹുൽ ഒരാഴ്ചയായി ഞങ്ങളോടൊപ്പം പരിശീലനത്തിലായിരുന്നു, നന്നായി കളിച്ചു, ഒരുപാട് മെച്ചപ്പെട്ടു, പക്ഷേ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ താരം കളിക്കില്ല’ -ദ്രാവിഡ് പറഞ്ഞു. ശ്രേയസ്സ് അയ്യർ ഫിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകരക്കാരനായി വിക്കറ്റ് കീപ്പർമാരായ ഇഷാൻ കിഷനോ സ്റ്റാൻഡ് ബൈ താരമായ സഞ്ജു സാംസണോ കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഏകദിന കരിയറില്‍ സമീപകാലത്ത് തിരിച്ചടി നേരിട്ടെങ്കിലും മികച്ച റെക്കോഡുള്ള മലയാളി താരം സഞ്ജു സാംസണെ സ്റ്റാന്‍ഡ് ബൈ താരമായാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തെ പ്രകടനം വെച്ചു നോക്കുമ്പോൾ കിഷൻ പ്ലെയിങ് ഇലവനിൽ ഇടംനേടാനാണ് കൂടുതൽ സാധ്യത. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഓപ്പണറായി ഇറങ്ങുമ്പോൾ ടോപ് ഓർഡർ ബാറ്ററായ കിഷനെ ഏത് നമ്പറിൽ ഇറക്കുമെന്ന ആശയക്കുഴപ്പമുണ്ട്.
അതേസമയം, മിഡ്ൽ ഓർഡറിൽ എവിടെയും കളിപ്പിക്കാവുന്ന താരമാണ് സഞ്ജു. ബുധനാഴ്ച മുൾത്താനിൽ പാകിസ്താൻ-നേപാൾ മത്സരത്തോടെയാകും ഏഷ്യ കപ്പിന് തുടക്കമാകുന്നത്. സെപ്റ്റംബർ രണ്ടിന് ശ്രീലങ്കയിലെ കാൻഡിയിൽ പാകിസ്താനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. രാഹുലിന് പകരക്കാരനായി ആരെ കളിപ്പിക്കണമെന്നതാണ് മാനേജ്‌മെന്റിന് ഇപ്പോൾ തലവേദനയാകുന്നത്.
ആറു ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. ഗ്രൂപ് എയിൽ ഇന്ത്യ, നേപാൾ, പാകിസ്താൻ ടീമുകളും ബിയിൽ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുമാണുണ്ടാവുക. ഓരോ ഗ്രൂപ്പിലും ടീമുകൾ പരസ്പരം മുഖാമുഖം നിന്നതിൽ ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. നാലു ടീമുകളും പരസ്പരം കളിച്ച് ആദ്യ രണ്ടുസ്ഥാനക്കാർ കലാശപ്പോരിലുമെത്തും. മൊത്തം 13 മത്സരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.