നായകനെ വേണ്ട; ലേലത്തിനു മുമ്പ് രാഹുലിനെ റിലീസ് ചെയ്ത് ലഖ്നോ, നിലനിർത്തുന്നത് ഈ അഞ്ച് താരങ്ങളെ
text_fieldsലഖ്നോ: ഐ.പി.എൽ 2025 സീസണിലേക്കുള്ള താരലേലത്തിനു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ലഖ്നോ സൂപ്പർ ജയന്റ്സ് തയാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിക്കോളാസ് പുരാൻ, മായങ്ക് യാദവ്, രവി ബിഷ്ണോയ്, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെയാണ് ലഖ്നോ ഫ്രാഞ്ചൈസി നിലനിർത്തുന്നത്. നിലവിലെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ലഖ്നോ റിലീസ് ചെയ്യും. അടുത്ത സീസണിൽ പുരാനാകും ടീമിനെ നയിക്കുകയെന്നും സൂചനയുണ്ട്. വെടിക്കെട്ട് ബാറ്ററായ പുരാനെ വിക്കറ്റ് കീപ്പറായും ഉപയോഗിക്കാമെന്നാണ് ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു
കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ പുരാൻ സൂപ്പർ ജയന്റ്സിനെ നയിച്ചിരുന്നു. വെസ്റ്റിൻഡീസ് ദേശീയ ടീമിനെയും താരം നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാണ് പുരാനെ ടീമിൽ നിലനിർത്താൻ തീരുമാനമായത്. 2023ൽ 16 കോടി രൂപ നൽകിയാണ് എൽ.എസ്.ജി താരത്തെ ടീമിലെത്തിച്ചത്. രാഹുലിന്റെ അഭാവത്തിൽ പുരാൻ പുറത്തെടുത്ത നേതൃശേഷിയും ടീം മാനേജ്മെന്റിനെ സന്തോഷിപ്പിച്ചിട്ടുണ്ട്. 2017ൽ 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിയ പുരാന് ഏതാനും വർഷങ്ങൾ കൊണ്ടാണ് വമ്പൻ താരമൂല്യം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.
അസാമാന്യ വേഗത്തിൽ പന്തെറിയാനുള്ള ശേഷിയാണ് മായങ്ക് യാദവിനെ നിലനിർത്താനുള്ള തീരുമാത്തിനു പിന്നിൽ. 150 കിലോമീറ്റർ വേഗത്തിൽ എറിയുന്ന മായങ്കിന്റെ പന്തിനു മുന്നിൽ ഏത് ബാറ്ററും അൽപം പതറും. പരിക്കുകൾ അലട്ടിയ 2024 സീസണിൽ നാല് മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. എന്നാൽ ദേശീയ ടീമിലേക്ക് ക്ഷണം വന്നതോടെ താരത്തിന് വീണ്ടും ഡിമാൻഡ് ഏറിയിരിക്കുകയാണ്.
ലെഗ് സ്പിന്നർ രവി ബിഷ്ണോയ് 2022ലെ താരലേലത്തിലൂടെ ലഖ്നോ ടീമിലെത്തിയത്. റൺ വിട്ടു നൽകുന്നതിലെ പിശുക്കും വിക്കറ്റ് നേടാനുള്ള ശേഷിയും കാരണം താരത്തിന്റെ മൂല്യം രണ്ട് സീസണുകൾക്കിടയിൽ കൂടി. 2022ലും 23ലും ടീമിന്റെ പ്ലേ ഓഫ് പ്രവേശനത്തിന് ബിഷ്ണോയ്ക്ക് പ്രത്യേക പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഈ മൂന്നു പേർക്ക് പുറമെ ഇടം കൈയൻ പേസർ മൊഹ്സിൻ ഖാൻ, മധ്യനിരയിലെ വെടിക്കെട്ട് താരം ആയുഷ് ബദോനി എന്നിവരെയും എൽ.എസ്.ജി നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.