'കെ.എൽ രാഹുലിന്‍റെ തന്ത്രങ്ങൾ പാളി'; സൗത്ത് ആഫ്രിക്കയെ പ്രശംസിച്ച് ഗൗതം ഗംഭീർ
text_fieldsദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മധ്യനിരയുടെ ബാറ്റിംഗിൽ വന്ന പാളിച്ചകൾക്കൊപ്പം ഇന്ത്യന്‍ ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ലെന്നതും തോല്‍വിക്ക് കാരണമായി. ഇന്ത്യയെ ആദ്യമായി ഏകദിനത്തില്‍ നയിച്ച കെ.എല്‍. രാഹുലിന്‍റെ തന്ത്രങ്ങള്‍ പിഴയ്ക്കുകയായിരുന്നെന്ന് ഇന്ത്യയുടെ മുന്‍താരവും കമന്‍റേറ്ററുമായ ഗൗതം ഗംഭീർ പറഞ്ഞു. ഒപ്പം ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്‌മാന്മാരുടെ ആവേശകരമായ തിരിച്ചുവരവിനെ താരം പ്രശംസിച്ചു.
'ഇന്ത്യൻ ബൗളർമാർ കളിയറിയാത്തവരാണെന്ന് ഞാൻ ചിന്തിക്കുന്നില്ല. ചിലപ്പോൾ ബാറ്റ്‌സ്മാൻമാർക്കും ക്രെഡിറ്റ് നൽകേണ്ടിവരും. തെംബാ ബാവുമ മികച്ച കളിക്കാരനാണ്, ടെസ്റ്റ് പരമ്പരയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഏകദിനത്തിൽ മികച്ച മുന്നേറ്റം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു' -ഗംഭീർ പറഞ്ഞു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് എടുത്തത്. നായകന്‍ തെംബാ ബാവൂമയും വാന്‍ ഡെര്‍ ഡസനും സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് മാത്രമാണ് നേടാനായത്. 79 റൺസുമായി ശിഖര്‍ ധവാനും 51 റൺസെടുത്ത വിരാട് കോലിയും തിളങ്ങിയെങ്കിലും മധ്യനിരയുടെ തകർച്ച തോല്‍വിയിലേക്ക് തള്ളിയിട്ടു. വാലറ്റത്ത് 50 റണ്‍സെടുത്ത ഷർദുല്‍ താക്കൂറാണ് തോല്‍വിഭാരം കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.