ഐ.പി.എൽ താരലേലം കൊച്ചിയിലേക്ക്; കേരളം വേദിയാകുന്നത് ആദ്യം
text_fieldsകൊച്ചി: കേരളം ആദ്യമായി ഐ.പി.എൽ താരലേലത്തിന് വേദിയാകുന്നു. 2023 സീസണിലേക്കുള്ള ലേലമാണ് ഡിസംബർ 23ന് കൊച്ചിയിൽ നടക്കുക. കഴിഞ്ഞ തവണത്തേത് പോലെ വിപുലമായ ലേലമാകില്ല ഇത്തവണത്തേത്. ഒരു ദിവസം മാത്രം നീളുന്ന മിനി ലേലമാണ് നടക്കുക.
കഴിഞ്ഞ തവണത്തെ ലേലത്തിൽ ബാക്കിവന്ന തുക കൂടാതെ അഞ്ച് കോടിയോളം അധികതുക ഓരോ ടീമിനും അനുവദിച്ചിട്ടുണ്ട്. 95 കോടിയാണ് മൊത്തം ലേലത്തിനായി അനുവദിച്ചത്. ലേലം ബംഗളൂരുവിൽ നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. അപ്രതീക്ഷിതമായാണ് കേരളത്തിന് നറുക്ക് വീണത്. ഓരോ ഫ്രാഞ്ചൈസികളും അവർ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ 15നകം നൽകണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു.
പഞ്ചാബ് കിങ്‌സിന്റെ കൈവശമാണ് കൂടുതൽ തുക മിച്ചമുള്ളത്. 3.45 കോടിയാണ് ബാക്കിയുള്ളത്. ചെന്നൈ സൂപ്പർ കിങ്‌സ് -2.95 കോടി, ബംഗളൂരു റോയൽ ചലഞ്ചേഴ്സ് -1.55 കോടി, രാജസ്ഥാൻ റോയൽസ് -0.95 കോടി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -0.45 കോടി, ഗുജറാത്ത് ടൈറ്റൻസ് -0.15 കോടി, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് - 0.10 കോടി വീതം എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ അവശേഷിക്കുന്ന തുക. ലഖ്നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞ ലേലത്തിൽ മുഴുവൻ തുകയും ചെലവഴിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശ താരങ്ങളുമാണ് വിവിധ ടീമുകളിലെത്തിയത്. 551.7 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.