നൂറാം ടെസ്റ്റിൽ കോഹ്‍ലി 45; പന്തിന് സെഞ്ച്വറി നഷ്ടം
text_fieldsമൊഹാലി: നൂറാം ടെസ്റ്റിൽ വിരാട് കോഹ്‍ലി (45) അർധ സെഞ്ച്വറിക്കരികെ പുറത്തായപ്പോൾ തകർത്തടിച്ച ഋഷഭ് പന്ത് (96) സെഞ്ച്വറിക്കരികെയും വീണു. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസടിച്ചു.
പന്തിനും കോഹ്‍ലിക്കും പുറമെ ഹനുമ വിഹാരി (58), രവീന്ദ്ര ജദേജ (45*) എന്നിവരും തിളങ്ങി. മായങ്ക് അഗർവാൾ (33), ക്യാപ്റ്റൻ രോഹിത് ശർമ (29), ശ്രേയസ് അയ്യർ (27) എന്നിവർക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.
ടെസ്റ്റിൽ നായകനായി അരങ്ങേറിയ മത്സരത്തിൽ ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ രോഹിതും മായങ്കും ചേർന്ന് 10 ഓവറിൽ 52 റൺസ് ചേർത്തപ്പോൾ ഇന്ത്യയുടെ സ്കോർ കുതിച്ചു. ഏകദിന മൂഡിലായിരുന്ന രോഹിത് ലാഹിരു കുമാരയെ തുടർ ബൗണ്ടറി പായിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്.
അധികം വൈകാതെ മായങ്കും മടങ്ങിയെങ്കിലും വിഹാരിയും കോഹ്‍ലിയും മൂന്നാം വിക്കറ്റിൽ 90 റൺസ് ചേർത്ത് ഇന്ത്യയെ മുന്നോട്ടുനയിച്ചു. കോഹ്‍ലിയും വിഹാരിയും അടുത്തടുത്ത് പുറത്തായതോടെ നാലിന് 175 എന്ന നിലയിലായ ഇന്ത്യയെ പ്രത്യാക്രമണ ഇന്നിങ്സിലൂടെ പന്ത് മികച്ച സ്കോറിലേക്ക് നയിക്കുന്നതാണ് പിന്നീട് കണ്ടത്. 97 പന്തിൽ നാലു സിക്സും ഒമ്പതു ബൗണ്ടറിയുമായി 96ലെത്തിയ പന്ത് സെഞ്ച്വറിക്ക് നാലു റൺസകലെ സുരങ്ക ലക്മലിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു.
ലങ്കക്കായി ലസിത് എംബുൽഡെനിയ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലക്മൽ, വിശ്വ ഫെർണാണ്ടോ, കുമാര, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.