നിലയുറപ്പിച്ച് കോഹ്‍ലിയും ജദേജയും; ഇന്ത്യ ശക്തമായ നിലയിൽ
text_fieldsപോർട് ഓഫ് സ്പെയിൻ: ഓപണർമാരായ രോഹിത് ശർമയുടെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ച്വറികളുടെ ബലത്തിൽ രണ്ടാം ടെസ്റ്റിൽ മികച്ച തുടക്കമിട്ട ഇന്ത്യ വിരാട് കോഹ്‍ലിയുടെ തകർപ്പൻ പ്രകടനം കൂടി ചേർന്നതോടെ ശക്തമായ നിലയിൽ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിലാണ്. 87 റൺസുമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും 36 റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമ (80) യശസ്വി ജയ്സ്വാൾ (57) ശുഭ്മാൻ ഗിൽ (10), അജിൻക്യ രഹാനെ (എട്ട്) എന്നിവരാണ് പുറത്തായത്.
കഴിഞ്ഞ ടെസ്റ്റിൽ സെഞ്ച്വറി നേടിയ രോഹിത് ശർമയും യശസ്വിയും മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗില്ലും നാലാമതെത്തിയ അജിങ്ക്യ രഹാനെയും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. തുടർന്ന് ക്രീസിലെത്തിയ വിരാട് കോഹ്‍ലിയും ജദേജയും കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിലെ വിജയ ഇലവനിൽ ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ബൗളിങ് ആൾറൗണ്ടർ ശാർദുൽ ഠാകൂറിന് പകരം പേസർ മുകേഷ് കുമാറിന് അവസരം നൽകുകയായിരുന്നു. ഇന്ത്യ-വെസ്റ്റിൻഡീസ് ടീമുകൾ തമ്മിലെ നൂറാം ടെസ്റ്റിലാണ് മുകേഷിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. വെസ്റ്റിൻഡീസ് നിരയിൽ ആൾറൗണ്ടർ റെയ്‌മൺ റൈഫറിന് പകരം ടോപ് ഓർഡർ ബാറ്റ്സ്മാൻ കിർക്ക് മക്കെൻസി ഇടം പിടിച്ചു. മക്കെൻസിക്കും ഇത് അരങ്ങേറ്റ മത്സരമായിരുന്നു. വെസ്റ്റിൻഡീസിനായി കെമർ റോഷ്, ഷാനൺ ഗബ്രിയേൽ, ജോമൽ വരികാൻ, ജേസൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.