‘സചിൻ, ഗവാസ്കർ, ധോണി എന്നിവരേക്കാൾ മികച്ചവൻ കോഹ്‍ലി’; കാരണം വ്യക്തമാക്കി സിധു
text_fieldsമുംബൈ: വിരാട് കോഹ്‍ലിയാണ് സചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, മഹേന്ദ്ര സിങ് ധോണി എന്നിവരേക്കാൾ മികച്ചവനെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവജോത് സിങ് സിധു. ഐ.പി.എൽ മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മുൻ ഓപണിങ് ബാറ്ററുടെ അഭിപ്രായപ്രകടനം. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
‘എക്കാലത്തെയും മികച്ച ഇന്ത്യൻ ബാറ്ററായി ഞാൻ കോഹ്‍ലിയെ വിലയിരുത്തുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സുനിൽ ഗവാസ്‌കറിന്റെ ബാറ്റിങ് ഞാൻ ട്രാൻസിസ്റ്റർ വെച്ച് കേൾക്കുന്ന കാലമുണ്ടായിരുന്നു, അത് എഴുപതുകളാണ്. മികച്ച വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർമാർക്കിടയിൽ ഹെൽമെറ്റില്ലാതെ ആ യുഗത്തിൽ അദ്ദേഹം ബാറ്റ് ചെയ്തു. ഏകദേശം 15-20 വർഷത്തോളം അദ്ദേഹം ആധിപത്യം പുലർത്തി. പിന്നെ സചിന്റെ മറ്റൊരു യുഗം വന്നു. പിന്നാലെ ധോണിയും ശേഷം വിരാടും എത്തി. ഈ നാലുപേരെയും എടുത്താൽ, മൂന്ന് ഫോർമാറ്റുകളോടും പൊരുത്തപ്പെടുന്നതിനാൽ ഞാൻ കോഹ്‍ലിയെ മികച്ചവനായി വിലയിരുത്തുന്നു’ -സിധു ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എം.എസ് ധോണിയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസ് വിപ്ലവത്തിന് തുടക്കം കുറിച്ചതെങ്കിലും അദ്ദേഹത്തേക്കാൾ ഫിറ്റ്നസുള്ളത് കോഹ്‍ലിക്കാണെന്നും സിധു അഭിപ്രായപ്പെട്ടു.
‘നിങ്ങൾ നാലുപേരെയും നോക്കിയാൽ, അവൻ ഏറ്റവും ഫിറ്റായിരിക്കും. കരിയറിന്റെ അവസാന ഘട്ടങ്ങളിൽ സചിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ധോണി, അവൻ ഫിറ്റാണ്. വിരാട് സൂപ്പർ ഫിറ്റാണ്. അത് അവനെ നല്ല നിലയിൽ നിലനിർത്തുന്നു. മറ്റുള്ളവർക്ക് നേടാനാകാത്ത ഒരു തലത്തിലേക്ക് അത് അവനെ ഉയർത്തുന്നു’ -സിധു പറഞ്ഞു.
ഐ.പി.എല്ലിൽ കമന്റേറ്ററായി തിരിച്ചുവരവിനൊരുങ്ങുകയാണ് സിധു. ഇന്ത്യയുടെ മുൻ ഇതിഹാസ താരങ്ങൾക്ക് മുകളിൽ വിരാട് കോഹ്‍ലിയെ പ്രതിഷ്ഠിച്ചത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്.
പ്രതിഭകൾ ഏറെയുള്ള ഇന്ത്യൻ ക്രിക്കറ്റിൽ ആരാണ് മികച്ചവനെന്ന തെരഞ്ഞെടുപ്പ് എപ്പോഴും ചർച്ചക്കിടയാക്കിയിട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സാന്നിധ്യമറിയിക്കുന്ന ഘട്ടത്തിൽ വിജയ് ഹസാരെ, പോളി ഉമ്രിഗർ, വിനോദ് മങ്കാദ് പോലുള്ള ബാറ്റിങ് പ്രതിഭകൾ പേരെടുത്തപ്പോൾ അതിന് ശേഷമെത്തിയ സുനിൽ ഗവാസ്കർ 34 സെഞ്ച്വറിയും 10,000 റൺസ് തികക്കുന്ന ആദ്യ ബാറ്ററുമായി ഇന്ത്യ കണ്ട മികച്ച ബാറ്ററെന്ന് വിലയിരുത്തപ്പെട്ടു. ഇതേ സമയത്ത് ഗുണ്ടപ്പ വിശ്വനാഥ്, ദിലീപ് വെങ്സാർക്കർ, മൊഹീന്ദർ അമർനാഥ് തുടങ്ങിയ പ്രതിഭകൾ ഉണ്ടായിരുന്നെങ്കിലും ക്രിക്കറ്റ് പണ്ഡിറ്റുകൾ ഒന്നാം സ്ഥാനം നൽകിയത് ഗവാസ്കറിന് തന്നെയായിരുന്നു.
ആ കാലഘട്ടത്തിന് ശേഷം ആഗോള തലത്തിൽ സൂപ്പർ താരമായി സചിൻ ടെണ്ടുൽക്കർ ഉയർന്നുവന്നു. ആദ്യമായി 200 ടെസ്റ്റ് കളിക്കുന്ന താരം, ഏകദിനത്തിൽ ആദ്യമായി 10,000 റൺസ് തികക്കുന്ന ബാറ്റർ, ടെസ്റ്റിൽ 15000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരം, എല്ലാ ഫോർമാറ്റിലുമായി 100 സെഞ്ച്വറിയടിക്കുന്ന ഏക താരം എന്നിങ്ങനെ നിരവധി റെക്കോഡുകൾ സചിൻ സ്വന്തം പേരിലാക്കി. ഈ കാലഘട്ടത്തിൽ തന്നെ മുഹമ്മദ് അസ്ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, വി.വി.എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി പോലുള്ളവർ പ്രതിഭ തെളിയിച്ചെങ്കിലും അവർക്കെല്ലാം മുകളിൽ സചിൻ പ്രതിഷ്ഠിക്കപ്പെട്ടു.
ശേഷം ധോണിയെത്തുകയും എല്ലാ ഫോർമാറ്റിലെയും മികച്ച ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും നായകനെന്ന നിലയിലുമെല്ലാം പേരെടുക്കുകയും ചെയ്തു. ധോണി യുഗത്തിൽ കളി തുടങ്ങിയ കോഹ്‍ലിയെയും സചിൻ ടെണ്ടുൽക്കറെയും താരതമ്യം ചെയ്ത് ആരാണ് മികച്ചവനെന്നത് ക്രിക്കറ്റ് ലോകത്ത് ഇന്നും ചൂടേറിയ ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.