ഈ താരത്തിന് മുന്നില്‍ കോഹ്ലി ഒന്നുമല്ല, കാര്യങ്ങള്‍ ഈ റൂട്ടിലാണെങ്കില്‍ സച്ചിനെയും മറികടക്കും!
text_fieldsടെസ്റ്റ് ക്രിക്കറ്റില്‍ സചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് യുഗത്തിന് ശേഷം വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയിന്‍ വില്യംസണ്‍ എന്നിവരെയാണ് ഫാബുലസ് ത്രീയില്‍ ഉള്‍പ്പെടുത്തുന്നത്.
എന്നാല്‍, ആകാശ് ചോപ്രയുടെ നിരീക്ഷണത്തില്‍ ഈ ഫാബുലസ് ത്രീയെ വെല്ലുന്ന താരമായി ജോ റൂട്ട് മാറിക്കഴിഞ്ഞു. ഏത് സാഹചര്യത്തിലും സെഞ്ച്വറി നേടാതെ റൂട്ട് പവലിയനിലേക്ക് മടങ്ങില്ല, അത്രയ്ക്കുണ്ട് സ്ഥിരതയും ഫോമും! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന ചോദ്യത്തിന് സജീവ ക്രിക്കറ്റില്‍ നിന്നൊരു മറുപടിയേയുള്ളൂ - ജോ റൂട്ട്! വിരാട് കോഹ്ലിയെ വാഴ്ത്തുന്നവര്‍ അറിയണം റൂട്ടിന്റെ മഹത്വം. വിരാട് 27 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയപ്പോള്‍ ജോ റൂട്ടിന് 17 സെഞ്ച്വറികളായിരുന്നു. കോഹ്ലിയും സ്മിത്തും വില്യംസണും സെഞ്ച്വറി കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ റൂട്ട് 2021 ന് ശേഷം 57.28 ശരാശരിയില്‍ അടിച്ച് കൂട്ടിയത് 2371 റണ്‍സ്. ആഷസ് ഉള്‍പ്പടെയുള്ള ടെസ്റ്റ് പരമ്പരകളില്‍ സ്ഥിരത പുലര്‍ത്തിയ റൂട്ട് 17 സെഞ്ച്വറികളില്‍ നിന്ന് 27ലേക്ക് കുതിച്ചത് വിസ്മയിപ്പിക്കുന്ന ഫോമിലായിരുന്നു.
ബാറ്റിങ് ദുഷ്‌കരമായ ഇംഗ്ലണ്ടിലെ സാഹചര്യത്തിലാണ് റൂട്ട് കൂടുതല്‍ റണ്‍സടിച്ചത്. ടെസ്റ്റില്‍ റൂട്ടിന്റെ റണ്‍സ് സമ്പാദ്യം 10194 ല്‍ എത്തി. ഈ പോക്ക് പോവുകയാണെങ്കില്‍, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 15,921 റണ്‍സിന്റെ റെക്കോര്‍ഡ് ജോയുടെ റൂട്ടിലാകും!
ഐ സി സിയുടെ ടോപ് ബാറ്റിങ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാനെയെ പിന്തള്ളി ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തി. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് റൂട്ട് തകര്‍പ്പന്‍ ഫോമിലേക്ക് ഉയര്‍ന്നത്. ലോര്‍ഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 115 റണ്‍സടിച്ച മുപ്പത്തൊന്നുകാരന്‍ നോട്ടിങ്ഹാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 211 പന്തുകളില്‍ 176 റണ്‍സടിച്ചു. ഈ പ്രകടനത്തോടെ 897 റേറ്റിങ് പോയിന്റുകളായി റൂട്ടിന്. ഓസീസ് താരത്തെ അഞ്ച് റേറ്റിങ് പോയിന്റിന് പിറകിലാക്കിയാണ് ഇംഗ്ലണ്ട് താരം ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.