സീറ്റിൽനിന്നെണീറ്റ്, ബാൽക്കണിയിലേക്കോടി.. പന്തിന്‍റെ സെഞ്ച്വറിനേട്ടം കോഹ്ലി ആഘോഷിച്ചതിങ്ങനെ -വിഡിയോ വൈറൽ
text_fieldsഅഹ്മദാബാദ്: അതിനിർണായക പോരാട്ടത്തിൽ, ബാറ്റിങ് ദുഷ്കരമായ ട്രാക്കിൽ ചാരുതയാർന്നൊരു സെഞ്ച്വറിയിലേക്ക് ഋഷഭ് പന്ത് കത്തിക്കയറുേമ്പാൾ നായകൻ വിരാട് കോഹ്ലിക്ക് തന്‍റെ സീറ്റിൽ ഇരിപ്പുറപ്പിക്കാനായില്ല. അമ്പതു കടക്കുന്നതുതന്നെ േക്ലശകരമായ പിച്ചിൽ കണ്ണിനിമ്പമേറിയ ഷോട്ടുകളുടെ കെട്ടഴിച്ച് പന്ത് ശതകത്തിലേക്ക് മുന്നേറുേമ്പാൾ ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോർ പിന്നിട്ട് ഇന്ത്യ ലീഡ് പിടിച്ചെടുത്തിരുന്നു. പരമ്പര നേടാൻ ജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങിയ ആതിഥേയ നിരയിൽ പന്ത് പൊരുതി നേടിയ സെഞ്ച്വറി തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയം.
സുപ്രധാന മത്സരത്തിൽ മുൻനിര തകർന്നിട്ടും രക്ഷാദൗത്യമേറ്റെടുത്ത് ക്രീസ് വാണ പന്തിന്‍റെ ശൗര്യവും ധൈര്യവും ക്രിക്കറ്റ് പ്രേമികളുടെ പ്രശംസക്ക് നടുവിലാണിന്ന്. കരിയറിന്‍റെ തുടക്കത്തിൽ തുടർപിഴവുകളുടെ പേരിൽ ടീമിലെ സ്ഥാനം തന്നെ ത്രിശങ്കുവിലായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ഏറ്റവും വലിയ പിന്തുണ നൽകിയത് കോഹ്ലി തന്നെയായിരുന്നു. ഒടുവിൽ വമ്പൻ പോരാട്ടങ്ങളിൽ ഋഷഭ് നിറഞ്ഞുകളിക്കുേമ്പാൾ അതേറെ സന്തോഷം നൽകുന്നതും ക്യാപ്റ്റന് തന്നെ. താൻ പൂജ്യത്തിന് പുറത്തായ അതേദിവസം, അഹ്മദാബാദിൽ അതുല്യമായ സെഞ്ച്വറിയിലേക്ക് ബാറ്റുവീശിയ പ്രിയസഹതാരത്തിന്‍റെ നേട്ടം അതുകൊണ്ടുതന്നെ കോഹ്ലിയെ അത്രയേറെ ആവേശഭരിതനാക്കി.
നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാന സെഷനിൽ ജോ റൂട്ടിന്‍റെ പന്ത് സിക്സറിന് പറത്തിയാണ് പന്ത് സെഞ്ച്വറി തികച്ചത്. നിലംതൊടാതെ പന്ത് അതിർവര കടന്നയുടൻ ഇരിക്കുന്ന സീറ്റിൽനിന്ന് കോഹ്ലി ചാടിയെണീറ്റു. പിന്നെ അളവറ്റ ആവേശത്താൽ ഓടി ഡ്രസ്സിങ് റൂമിന്‍റെ ബാൽക്കണിയിലെത്തി. ടെസ്റ്റിൽ മൂന്നാം സെഞ്ച്വറി നേടിയ പന്തിനെ കരഘോഷത്താൽ ക്യാപ്റ്റൻ അഭിനന്ദിച്ചു. സ്റ്റേഡിയത്തിലെ ഈ ആവേശനിമിഷങ്ങൾ ഗാലറിയിൽനിന്ന് പകർത്തി സാമൂഹിക മാധ്യമങ്ങളിൽ ചിലർ പങ്കുവെച്ചപ്പോൾ വൈറലാകാൻ ഒട്ടും താമസമുണ്ടായില്ല. സഹതാരങ്ങളെ പ്രശംസിക്കുന്നതിൽ പിശുക്കുകാട്ടാത്ത ഇന്ത്യൻ ടീമിന്‍റെ കെട്ടുറപ്പിനെയാണ് ഇൗ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതെന്ന് പലരും കമന്‍റു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.