ഈ ഘട്ടത്തിൽ കോഹ്‍ലിക്ക് പിന്തുണ ആവശ്യം, എങ്ങനെ കരകയറണമെന്ന് അദ്ദേഹത്തിനറിയാം -ബാബർ അസം
text_fieldsമോശം ഫോമിലൂടെ കടന്നുപോകുന്ന വിരാട് കോഹ്‌ലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്ത് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം തന്റെ ട്വീറ്റിനുള്ള കാരണം വെളിപ്പെടുത്തി. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് ബാബറിന്റെ ട്വീറ്റിനെക്കുറിച്ചും ചോദ്യമുയർന്നത്.
''ഒരു കളിക്കാരനെന്ന നിലയിൽ, ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോകാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കറിയാം. ആ സമയങ്ങളിൽ, പിന്തുണ ആവശ്യമാണ്. അത് നൽകാനാണ് ഞാൻ ട്വീറ്റ് ചെയ്തത്. അദ്ദേഹം മികച്ച കളിക്കാരിലൊരാളാണ്. ഈ സാഹചര്യങ്ങളിൽനിന്ന് എങ്ങനെ കരകയറണമെന്ന് അവനറിയാം. അതിന് സമയമെടുക്കും. നിങ്ങൾ കളിക്കാരെ പിന്തുണക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും" അദ്ദേഹം കൂട്ടിച്ചേർത്തു.
This too shall pass. Stay strong. #ViratKohli pic.twitter.com/ozr7BFFgXt
— Babar Azam (@babarazam258) July 14, 2022
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്‌ലി 16 റൺസിന് പുറത്തായതിന് പിന്നാലെയാണ് "ഇക്കാലവും കടന്നുപോകും, കരുത്തനായിരിക്കുക" എന്ന് ട്വീറ്റ് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ആരാധകർ ബാബറിനെ പ്രശംസിച്ചെത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റർമാരായാണ് ബാബറും കോഹ്‌ലിയും പരിഗണിക്കപ്പെടുന്നത്. ആരാണ് മികച്ചവനെന്ന ചർച്ചയും ക്രിക്കറ്റ് ലോകത്ത് സജീവമാണ്.
2019ലാണ് കോഹ്‌ലി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലും തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ട് ട്വന്റി 20യിലും ഫോം കണ്ടെത്താൻ താരത്തിനായിരുന്നില്ല. ജൂലൈ 22ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ കോഹ്‌ലിയെ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.