പാട്ടുപാടി നൃത്തം ചെയ്ത് കോഹ്‍ലി, വർണം വിതറി രോഹിത്; ഹോളി ആഘോഷമാക്കി ഇന്ത്യൻ ടീം
text_fieldsഅഹമ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള തയാറെടുപ്പിനിടെ ഹോളി ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ബാറ്റർ ശുഭ്മാൻ ഗിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഗിൽ തന്നെയാണ് ടീം ബസിൽനിന്നുള്ള വിഡിയോ പകർത്തിയത്. നിറങ്ങളിൽ കുളിച്ച വിരാട് കോഹ്‍ലി പാട്ടുപാടി നൃത്തം ചെയ്യുന്നതും താരങ്ങൾക്കുമേൽ ക്യാപ്റ്റൻ രോഹിത് ശർമ വർണം വിതറുന്നതും മറ്റു താരങ്ങൾ കൂടെ ചേരുന്നതുമാണ് വിഡിയോയിലുള്ളത്.
വ്യാഴാഴ്ചയാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റ് അഹമ്മദാബാദിൽ അരങ്ങേറുന്നത്. ഇതിൽ ജയം നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആസ്ട്രേലിയയോട് ഏറ്റുമുട്ടാൻ അവസരം ലഭിക്കുമെന്നതിനാൽ വർധിത വീര്യത്തോടെയാവും ഇന്ത്യൻ ടീം ഇറങ്ങുക. ആദ്യ രണ്ട് ടെസ്റ്റുകളും ആധികാരികമായി ജയിച്ച ഇന്ത്യ, മൂന്നാമത്തേതിൽ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. 10 വർഷത്തിനിടെ നാട്ടിൽ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം തോൽവിയായിരുന്നു ഇൻഡോറിലേത്.
ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റും അന്നുതന്നെ ആരംഭിക്കുന്ന ശ്രീലങ്ക-ന്യൂസിലാൻഡ് പരമ്പരയുമാകും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള വിധി നിർണയിക്കുക. ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നിലുള്ള ഭീഷണി. മൂന്നാം ടെസ്റ്റ് തുടങ്ങും മുമ്പ് 64.06 പോയന്റ് ശരാശരി ഉണ്ടായിരുന്ന ഇന്ത്യ ഒമ്പത് വിക്കറ്റിന് തോറ്റതോടെ പോയന്റ് ശരാശരി 60.29ലേക്ക് താഴ്ന്നിരുന്നു. എങ്കിലും നിലവിൽ രണ്ടാം സ്ഥനത്താണ്. മൂന്നാം ടെസ്റ്റ് ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാമായിരുന്നു. നാലാം ടെസ്റ്റ് ജയിച്ചാൽ പോയന്റ് ശരാശരി 62.5ലെത്തുകയും ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലാൻഡ് പോരാട്ടത്തെ ആശ്രയിക്കാതെ തന്നെ ഫൈനലിലെത്താനാവുകയും ചെയ്യും. എന്നാൽ, ഇന്ത്യ തോൽക്കുകയോ സമനിലയിൽ കുടുങ്ങുകയോ ചെയ്താൽ 58.79 പോയന്റ് ശരാശരിയാകും. ശ്രീലങ്ക ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളും ജയിച്ചാൽ പോയന്റ് ശരാശരി 61.11ലെത്തുകയും ശ്രീലങ്ക ഫൈനലിലെത്തുകയും ചെയ്യും.
ഇംഗ്ലണ്ടിൽ നടന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് വീഴ്ത്തി ന്യൂസിലാൻഡ് ആയിരുന്നു ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.