ടെസ്റ്റ് നായകത്വവും വിട്ട് കോഹ്ലി
text_fieldsന്യുഡൽഹി: ഏകദിന, ട്വന്റി20 നായക പദവി വിട്ടൊഴിഞ്ഞ് മൂന്നു മാസം പൂർത്തിയാകുന്നതിനിടെ ടെസ്റ്റിലും ഇനി ക്യാപ്റ്റനാകില്ലെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടമായതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനം.
'ടീമിനെ ശരിയായ വഴിയിലെത്തിക്കാൻ കഠിന പ്രയത്നവും നിരന്തര ശ്രമവും അടയാളപ്പെട്ട ഏഴു വർഷമായിരുന്നു. പൂർണ സത്യസന്ധതയോടെ ഞാൻ ആ ജോലി നിർവഹിച്ചിട്ടുണ്ട്. ഇനിയൊന്നും ബാക്കിയില്ല. ഏതെങ്കിലും ഘട്ടത്തിൽ എല്ലാറ്റിനും ഒരു അവസാനം വേണം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ പദവി ഒഴിയുകയാണ്''- താരം ട്വിറ്ററിൽ കുറിച്ചു. 'ഇത്രയും നീണ്ട കാലം ഇതുപോലൊരു അവസരം നൽകിയതിന് ബി.സി.സി.ഐയോട് നന്ദിയുണ്ട്.
പദവിയേറ്റ ഒന്നാം നാൾ മുതൽ ഞാൻ മനസ്സിൽ കണ്ടത് പ്രയോഗത്തിൽ വരുത്താൻ കൂടെ നിന്ന സഹതാരങ്ങൾക്കും. നിങ്ങളാണ് ഈ യാത്ര മനോഹരവും അവിസ്മരണീയവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ എല്ലാം മുന്നോട്ടെത്തിച്ച രവി ശാസ്ത്രിക്കും സംഘത്തിനും. അവസാനമായി, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാൻ ശേഷിയുള്ള ക്യാപ്റ്റനായി എന്നെ കണ്ട എം.എസ് ധോണിക്കും''- കോഹ്ലി തുടർന്നു. ആസ്ട്രേലിയയിൽ വെച്ച് എം.എസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ച ഒഴിവിൽ 2015ലാണ് കോഹ്ലി ഇന്ത്യൻ ടീം ക്യാപ്റ്റനായി എത്തുന്നത്.
ഐ.സി.സി റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചതുൾപെടെ വിജയകരമായിരുന്നു കോഹ്ലിക്കാലം. അവസാനം ന്യുസിലൻഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കോഹ്ലി തന്നെ നായകനായി. 68 കളികളിൽ 40 വിജയവുമായി ഇന്ത്യൻ ടെസ്റ്റ് നായകരിൽ ഒന്നാമനാണ് വിരാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.