വയനാടിന് തണലേകാൻ കോഹ്‌ലിയുടെ കൈയൊപ്പ് പതിഞ്ഞ ബാറ്റും; ലേലത്തിന് വെച്ച് മലയാളി
text_fieldsസെന്റ് ലൂസിയ: ഉരുൾ ഉഴുതുമറിച്ച വയനാടിനെ ചേർത്തുപിടിക്കാൻ ലോകമൊന്നാകെ കൈകോർക്കുമ്പോൾ അതിലൊരു കണ്ണിയാകാൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ കൈയൊപ്പ് പതിഞ്ഞ ബാറ്റും. മലയാളിയായ സിബി ഗോപാലകൃഷ്ണനാണ് താൻ അമൂല്യനിധിയെന്നോണം കാത്തുവെച്ചൊരു ബാറ്റ് ലേലത്തിന് വെച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലെയ്സൺ ഓഫിസറായി പ്രവർത്തിച്ച മലയാളികൾക്കിടയിൽ നേരത്തെ സുപരിചതാനായി മാറിയ സിബി ഗോപാലകൃഷ്ണൻ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഉയർന്ന തുക നൽകുന്നയാൾക്ക് ബാറ്റ് സ്വന്തമാക്കാം. കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
"നാല് വർഷം കൂടുമ്പോൾ അരങ്ങേറുന്ന ക്രിക്കറ്റിലെ ട്വന്റി 20 മാമാങ്കത്തിൽ ഇന്ത്യൻ ദേശീയ ടീമിൻ്റെ ലെയ്സൺ ഓഫീസർ എന്ന നിലയിൽ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ദേശീയ ടീമിനൊപ്പം അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമായി മുപ്പത്തിയഞ്ച് ദിവസങ്ങൾ.
അനിശ്ചിതത്തിൻ്റെ ഭംഗിയാകെ കോരിനിറച്ച് ഓരോ നിമിഷങ്ങളെയും ഉദ്വോഗജനകമാക്കുന്ന ക്രിക്കറ്റ് എന്ന കായിക കലയെ സിരകളിൽ ആവാഹിച്ച് ഓരോ കളിക്കാരുടെയും കൂടെ നിന്ന അപൂർവ നിമിഷങ്ങൾ. വൃത്താകാരമുള്ള പുൽമൈതാനങ്ങൾക്ക് പുറത്ത് കളിക്കാരുടെ ക്ഷേമ സൗകര്യ ങ്ങളളെ സംബന്ധിച്ച കാര്യങ്ങളുമായി കൂടിക്കുഴയുമ്പോഴും കൂടെ കൂട്ടിയ ആഗ്രഹവുമുണ്ടായിരുന്നു. കിങ്ങ് കോഹ്ലിയുടെ പക്കൽ നിന്നും പൂർണമായ കൈയൊപ്പ് വാങ്ങിയ ഒരു ബാറ്റ്. സഹതാരങ്ങൾ പോലും ആരാധനയോടും ബഹുമാനത്തോടും കൂടി മാത്രം കാണുന്ന കോഹ്ലിയോട് ഈ ആഗ്രഹം ഒന്ന് പറയാൻ , ഒടുവിൽ ലോകക്കപ്പും സ്വന്തമാക്കി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പുവരെ കാത്തിരിക്കേണ്ടി വന്നു. മുൻപായി ആഗ്രഹം അറിയിച്ചു. തിരക്കിനിടയിലും പുഞ്ചിരിയോടെ ആഗ്രഹം നിവർത്തിച്ചു തന്ന ആ നല്ല മനസ്സിന് നന്ദി.
സ്വകാര്യ ശേഖരത്തിൽ ഗതകാലങ്ങളെ ഓർഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ച വിരാട് കോഹ്ലിയുടെ പൂർണ്ണ കൈയ്യൊപ്പ് വീണ ആ ബാറ്റ് എൻ്റെ വശമുണ്ട്.
ഇപ്പോൾ എൻ്റെ നാട്ടിൽ, വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലുമൊക്കെയായി ഉരുൾപൊട്ടലിൽ മണ്ണെടുത്ത സഹോദരങ്ങൾ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്.. മാറുന്ന തീരുമാനം എല്ലാവർക്കുമായി അറിയിക്കട്ടെ. വിരാടിന്റെ പൂർണ്ണ കൈയൊപ്പ് വീണ അതേ ബാറ്റ് ഞാൻ ലേലത്തിൽ വയ്ക്കുന്നു. ഏറ്റവും ഉയർന്ന തുക നൽകുന്നയാളിന് ബാറ്റ് സ്വന്തമാക്കാം.
മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും ദുരന്തത്തെ അതിജീവിച്ച അവശേഷിക്കുന്ന സഹോദരങ്ങൾക്കായി മാറ്റി വയ്ക്കാൻ. കൂടെ നിൽക്കാൻ. എല്ലാവരുമുണ്ടാകുമല്ലോ സ്നേഹപൂർവ്വം". സിബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
കരിബീയൻ ദ്വീപുകളിലെ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിയിൽ ഗ്യാലറിയിൽ നിന്ന് മലയാളവും തമിഴും ഹിന്ദിയും ഉൾപെടെയുള്ള ഡിജെ ഗാനങ്ങൾ കേൾപ്പിച്ച് പതിവായി ഞെട്ടിച്ചാണ് സിബി ഗോപാലകൃഷ്ണൻ എന്ന കരുനാഗപ്പള്ളിക്കാരൻ ശ്രദ്ധിക്കപ്പെടുന്നത്. സെന്റ് ലൂസിയ നാഷ്ണൽ ക്രിക്കറ്റ് അസോസിയേഷൻ മാർക്കറ്റിങ് തലവനായിരുന്നു സിബി ഗോപാലകൃഷ്ണൻ. യു.എസ്.എയിലും വിൻഡീസിലുമായി നടന്ന ട്വന്റ20 ലോകകപ്പിലാണ് ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫീസറായി സിബിയെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.