കോഹ്ലിയുടെ ഫിഫ്റ്റിയും രക്ഷക്കെത്തിയില്ല; ഗുജറാത്തിന് ആറ് വിക്കറ്റ് ജയം
text_fieldsമുംബൈ: തകർപ്പൻ ഫോം തുടരുന്ന ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എല്ലിൽ അരങ്ങേറിയ ആദ്യ സീസണിൽ തന്നെ പ്ലേഓഫിലേക്ക്. ഒമ്പത് മത്സരങ്ങളിൽ എട്ടു ജയങ്ങളുമായി ഹർദിക് പാണ്ഡ്യയുടെ ടീം 16 പോയന്റിലെത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിനാണ് ഗുജറാത്ത് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ ആറിന് 170 റൺസെടുത്തപ്പോൾ മൂന്നു പന്ത് ബാക്കിയിരിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യത്തിലെത്തി.
13ാം ഓവറിൽ നാലിന് 95 എന്ന നിലയിൽ പരുങ്ങിയ ഗുജറാത്തിനെ അഭേദ്യമായ അഞ്ചാം വിക്കറ്റിന് 39 പന്തിൽ 79 റൺസ് കൂട്ടുകെട്ടുമായി രാഹുൽ തെവാത്തിയയും (25 പന്തിൽ പുറത്താവാതെ 43) ഡേവിഡ് മില്ലറും (24 പന്തിൽ പുറത്താവാതെ 39)ചേർന്ന് വിജയതീരത്തെത്തിക്കുകയായിരുന്നു.
വൃദ്ധിമാൻ സാഹയും (29) ശുഭ്മൻ ഗില്ലും (31) ഗുജറാത്തിന് മികച്ച തുടക്കം നൽകിയെങ്കിലും ഓപണർമാരും സായ് സുദർശനും (20) ഹർദികും (3) പെട്ടെന്ന് മടങ്ങിയതോടെയാണ് നാലിന് 95 എന്ന നിലയിലായത്.
നേരത്തേ, 14 ഐ.പി.എൽ ഇന്നിങ്സുകൾക്കിടെ ആദ്യ അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്‍ലിയുടെയും (53 പന്തിൽ 58) രജത് പാട്ടിദാറിന്റെയും (32 പന്തിൽ 52) ബാറ്റിങ്ങാണ് ബാംഗ്ലൂരിന് തരക്കേടില്ലാത്ത സ്കോർ നൽകിയത്.
ഗ്ലെൻ മാക്സ് വെൽ (18 പന്തിൽ 33), മഹിപാൽ ലോംറോർ (എട്ടു പന്തിൽ 16) എന്നിവരും തിളങ്ങി. ഗുജറാത്തിനായി ആദ്യ കളിക്കിറങ്ങിയ പ്രദീപ് സാങ്‍വാൻ രണ്ടു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.