ചെപ്പോക്കിൽ കൊൽക്കത്തൻ നൈറ്റ്; ഐ.പി.എൽ കിരീടത്തിൽ മൂന്നാം മുത്തം
text_fieldsചെന്നൈ: ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു. എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് 17ാം സീസൺ കിരീടം സ്വന്തമാക്കി. കൊൽക്കത്തയുടെ മൂന്നാം ഐ.പി.എൽ കിരീടമാണിത്.
ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 26 പന്തിൽ 52 റൺസെടുത്ത വെങ്കിടേഷ് അയ്യരും 39 റൺസെടുത്ത റഹ്മാനുള്ള ഗുർബാസുമാണ് ജയം അനായാസമാക്കിയത്. സുനിൽ നരേയ്ൻ ആറ് റൺസെടുത്ത് പുറത്തായി. നായകൻ ശ്രേയസ് അയ്യർ നാല് റൺസുമായി പുറത്താവാതെ നിന്നു.
സീസണിലുടനീളം ബാറ്റിങ് വിസ്ഫോടനം തീർത്ത ഹൈദരാബാദ് ബാറ്റർമാരിൽ ഒരാളെപോലും തലപൊക്കാൻ അനുവദിക്കാത്ത കൊൽക്കത്ത ബൗളർമാരാണ് ഫൈനലിലെ താരങ്ങൾ. മൂന്ന് വിക്കറ്റെടുത്ത ആന്ദ്രേ റസലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയുമാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിനെ ഞെട്ടിച്ചാണ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്. നിലയുറപ്പിക്കും മുൻപെ വെടിക്കെട്ട് ഓപണർ അഭിഷേക് ശർമയുടെ (1) സ്റ്റംപ് പിഴുതെറിഞ്ഞു. വൈഭവ് അറോറ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ റൺസൊന്നും എടുക്കാതെ ട്രാവിസ് ഹെഡും മടങ്ങി. വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഒൻപത് റൺസെടുത്ത രാഹുൽ ത്രിപതിയെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് വീണ്ടും ഞെട്ടിച്ചതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. രമൺദീപ് പിടിച്ചാണ് രാഹുൽ പുറത്തായത്.
സ്കോർ 50 കടക്കും മുൻപ് നിതീഷ് കുമാർ റെഡിയും വീണു. ഹർഷിദ് റാണയും പന്തിൽ ഗുർബാസ് പിടിച്ചാണ് പുറത്തായത്. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച എയ്ഡൻ മാർക്രം റസ്സലിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. 23 പന്തിൽ 20 റൺസെടുത്താണ് മാർക്രം മടങ്ങിയത്. 17 പന്തിൽ 16 റൺസെടുത്ത വെടിക്കെട്ട് ബാറ്റർ ഹെൻറിച്ച് ക്ലാസനെ ഹർഷിദ് റാണ മടക്കിയയച്ചു. ഷഹബാസ് അഹമ്മദിനെ (8) വരുൺ അറോറയും അബ്ദു സമദിനെ (4) റസ്സലും ജയദേവ് ഉനദ്കട്ടിനെ(4) സുനിൽ നരേയ്നും പുറത്താക്കി. ഒൻപതാമനായി ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്തി നിൽപ്പിലാണ് സ്കോർ 100 കടന്നത്. 19 പന്തിൽ 24 റൺസെടുത്ത കമ്മിൻസ് റസ്സലിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.