തേരോട്ടം തുടർന്ന് കൊൽക്കത്ത; മുംബൈക്കെതിരെ 18 റൺസ് ജയം
text_fieldsകൊൽക്കത്ത: ഈഡൻ ഗാർഡനിൽ മഴമൂലം വൈകിയും ഓവർ വെട്ടിച്ചുരുക്കിയും നടന്ന ഐ.പി.എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 16 ഓവറിൽ ഏഴ് വിക്കറ്റിന് 157 റൺസ് നേടി. മുംബൈയുടെ മറുപടി 16 ഓവറിൽ എട്ടിന് 139ൽ അവസാനിച്ചു.
21 പന്തിൽ 42 റൺസെടുത്ത വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. വിജയികൾക്കായി ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ആന്ദ്രെ റസ്സലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ കൊൽകത്ത 12 മത്സങ്ങളിൽ നിന്ന് 18 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി. ഐ.പി.എൽ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അസ്തമിച്ച മുംബൈക്ക് ഒരു മത്സരം മാത്രം ശേഷിക്കെ എട്ടു പോയിന്റ് മാത്രമാണുള്ളത്.
158 റൺസ് ലക്ഷ്യത്തിലേക്ക് മുംബൈക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ടീം പതറി. ഒന്നാം വിക്കറ്റിൽ ഏഴ് ഓവറിനകം ഓപണർമാരായ ഇഷാൻ കിഷനും രോഹിത് ശർമയും ചേർത്തത് 65 റൺസ്. 24 പന്തിൽ 19 റൺസായിരുന്നു രോഹിതിന്റെ സംഭാവന. 22 പന്തിൽ 40 റൺസുമായി ഇഷാനും മടങ്ങി. സൂര്യകുമാർ യാദവ് (11), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (2), ടിം ഡേവിഡ് (0), നേഹാൽ വധേര (3) എന്നിവരെല്ലാം പരാജയമായി. അവസാന ഓവറുകളിൽ തിലക് വർമ-നമാൻ ധിർ കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും കാര്യങ്ങൾ കൈവിട്ടു. ആറ് പന്തിൽ 17 റൺസുമായി നമാൻ വീണു. 17 പന്തിൽ 32 റൺസടിച്ച തിലകിനെ 16ാം ഓവറിൽ ഹർഷിത് റാണ പുറത്താക്കുമ്പോൾ മുംബൈ തോൽവി ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
മഴമൂലം സമയത്തിന് ടോസ് പോലും ചെയ്യാനാവാതിരുന്ന കളി രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ആദ്യ പന്തിൽതന്നെ തുഷാര പെരേരയെ സിക്സറിച്ച് അക്കൗണ്ട് തുറന്ന ഫിൽ സാൾട്ടിന് പക്ഷേ ഇതേ ഓവറിൽ മടങ്ങേണ്ടിവന്നു. മറ്റൊരു സിക്സിനുള്ള ശ്രമത്തിൽ അൻഷുൽ കംബോജ് പിടിച്ചു. രണ്ടാം ഓവറിൽ ബുംറയെത്തി. മിന്നിൽ വേഗത്തിലൊരു യോർക്കർ. സുനിൽ നരെയ്ന്റെ കഥ കഴിഞ്ഞു. കുറ്റിതെറിച്ച നരെയ്ൻ ഗോൾഡൻ ഡക്കായി. പത്ത് റൺസിൽ രണ്ട് വിക്കറ്റ് വീണ ടീമിനെ കരകയറ്റേണ്ട ചുമതല വെങ്കടേഷിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കുമായി. വെങ്കടേഷ് കത്തിക്കയറി. കംബോജ് എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ശ്രേയസ്സും (10 പന്തിൽ 7) ക്ലീൻ ബൗൾഡ്. റാണക്കൊപ്പം രക്ഷാപ്രവർത്തനം തുടർന്ന വെങ്കടേഷിന് പീയുഷ് ചൗളയെത്തിയതോടെ പിഴച്ചു. നിതീഷിനെ (23 പന്തിൽ 33) അവസാന പന്തിൽ റണ്ണൗട്ടാക്കി തിലക് വർമ. അഞ്ചിന് 116. 14 പന്തിൽ 24 റൺസെടുത്ത റസ്സൽ ചൗളയെ സിക്സടിക്കാൻ ശ്രമിച്ചത് കംബോജിന്റെ കൈകളിൽ. ബുംറ എറിഞ്ഞ 16ാം ഓവറിലെ രണ്ടാം പന്തിൽ റിങ്കു സിങ് (12 പന്തിൽ 20) ഇഷാന്റെ ഗ്ലാസിലൊതുങ്ങി. എട്ട് പന്തിൽ 17 റൺസുമായി രമൺദീപ് പുറത്താവാതെനിന്നു. ബുംറയും ചൗളയും രണ്ട് വീതം വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.