തകർന്നടിഞ്ഞ് കെ.കെ.ആർ; അശ്വനി കുമാറിന് നാല് വിക്കറ്റ്, മുംബൈക്ക് 117 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ബോളർമാർ തിളങ്ങിയ മത്സരത്തിൽ കൊൽക്കത്തയുടെ ഇന്നിങ്സ് 116 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരൻ അശ്വനി കുമാറാണ് കെ.കെ.ആർ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 26 റൺസെടുത്ത ഇംപാക്ട് പ്ലെയർ അംഗ്രിഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 16.2 ഓവറിൽ കെ.കെ.ആർ ഓൾ ഔട്ടായി.
ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 24 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അശ്വനി കുമാറാണ് പേരുകേട്ട കൊല്‍ക്കത്ത ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. പവര്‍പ്ലേയില്‍ നാലു വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്തക്ക് ആ തകര്‍ച്ചയില്‍നിന്ന് പിന്നീട് കരകയറാന്‍ സാധിച്ചില്ല. ഒമ്പതാമനായി ഇറങ്ങി 12 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രമണ്‍ദീപ് സിങ്ങാണ് കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തിയത്.
അജിങ്ക്യ രഹാനെ (11), റിങ്കു സിങ് (17), ഇംപാക്ട് പ്ലെയര്‍ മനീഷ് പാണ്ഡെ (19) എന്നിവരാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നവര്‍. ക്വിന്റണ്‍ ഡിക്കോക്ക് (ഒന്ന്), സുനില്‍ നരെയ്ന്‍ (0), വെങ്കടേഷ് അയ്യര്‍ (മൂന്ന്), ആന്ദ്രേ റസ്സല്‍ (അഞ്ച്) എന്നിവരെല്ലാം നിരാശപ്പെടുത്തി. മുംബൈക്കായി ദീപക് ചാഹര്‍ രണ്ടും ട്രെന്‍ഡ് ബോള്‍ട്ട്, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.