കൈയ്യിലിരുന്ന കളി കൊൽക്കത്ത കളഞ്ഞുകുളിച്ചു; എറിഞ്ഞുപിടിച്ചു മുംബൈ
text_fieldsചെന്നൈ: അനായാസം വിജയിക്കാവുന്ന സ്കോറിന് മുന്നിൽ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒടുവിൽ 10 റൺസിന്‍റെ തോൽവി ഇരന്നുവാങ്ങി. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 153 റൺസിന്‍റെ കുഞ്ഞൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയുടെ അലസത മുതലെടുത്ത് മുംബൈ ബൗളർമാർ കളിപിടിക്കുകയായിരുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 72 റൺസെത്തിയ ശേഷമായിരുന്നു കൊൽക്കത്തയുടെ കലമുടക്കൽ. അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്ന ദിനേശ് കാർത്തിക്കിനും ആന്ദ്രേ റസലിനും വമ്പനടികൾക്ക് കഴിയാതിരുന്നതും കൊൽക്കത്തക്ക് വിനയായി. 27 റൺസിന് നാലുവിക്കറ്റുമായി രാഹുൽ ചഹാർ കൊൽക്കത്ത മധ്യനിരയെ തകർത്ത് വിട്ടപ്പോൾ അവസാന ഓവറുകളിൽ ട്രെന്‍റ് ബോൾട്ടും ജസ്പ്രീത് ബുംറയും അനങ്ങാനനുവദിക്കാതെ വരിഞ്ഞു കെട്ടുകയായിരുന്നു. അവസാന രണ്ട് ഓവറുകളിൽ ഇരുവരും ചേർന്ന് വഴങ്ങിയത് വെറും എട്ടുറൺസാണ്.
47 പന്തിൽ 57 റൺസെടുത്ത നിതിഷ് റാണയും 24 പന്തിൽ റൺസെടുത്ത ശുഭ്മാൻ ഗില്ലും മാത്രമാണ് കൊൽക്കത്ത നിരയിൽ മിന്നിയത്. മറ്റൊരും ബാറ്റ്സ്മാനും രണ്ടക്കം പോലും കടക്കാനായില്ല. ഓയിൻ മോർഗൻ (7),രാഹുൽ ത്രിപാതി (5), ഷാക്കിബ് അൽ ഹസൻ (9), ദിനേഷ് കാർത്തിക് (8), ആന്ദ്രേ റസൽ (0), പാറ്റ് കുമ്മിൻസ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിലും മികച്ച സ്കോർ പടുത്തുയർത്താനാകാതെ വലഞ്ഞിരുന്നു. കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർക്ക് മുന്നിൽ പതറിയ മുംബൈ വിറച്ചു. വെറും 15 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത കരീബിയൻ ആൾറൗണ്ടർ ആന്ദ്രേ റസലാണ് മുംബൈയെ ചുരുട്ടിക്കൂട്ടിയത്. 36പന്തിൽ 56 റൺസെടുത്ത സൂര്യകുമാർ യാദവും 32 പന്തിൽ 43 റെൺസടുത്ത നായകൻ രോഹിത് ശർമയുമാണ് മുംബൈക്കായി തിളങ്ങിയത്.
രണ്ട് റൺസെടുത്ത ക്വിന്‍റൺ ഡിക്കോക്കിന്‍റെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. തുടർന്ന് ഒത്തുചേർന്ന രോഹിതും സൂര്യകുമാറും ചേർന്ന് മുംബൈയെ എടുത്തുയർത്തി. പക്ഷേ ഭദ്രമായ നിലയിലെത്തും മുേമ്പ ഇരുവരും മടങ്ങി. ഇഷാൻ കിഷൻ ഒരു റൺസുമായി പുറത്തായതിന് പിന്നാലെയെത്തിയ കൂറ്റനടിക്കാരായ ഹാർദിക് പാണ്ഡ്യ 15ഉം കീറൺ പൊള്ളാർഡ് അഞ്ചും റൺസെടുത്ത് പുറത്തായതാണ് മുംബൈക്ക് വിനയായത്.
തുടക്കത്തിൽ സ്പിന്നർമാരെ ഉപയോഗിച്ച് വരിഞ്ഞുമുറുക്കുകയും കൃത്യമായ ഇടവേളകളിൽ ബൗളിങ് ചേഞ്ച് നടത്തി മുംബൈക്ക് മുറിവേൽപ്പിക്കുകയും ചെയ്ത കൊൽക്കത്ത നായകൻ ഒായിൻ മോർഗൻ തന്‍റെ പണി കൃത്യമായി ചെയ്തു. അവസാന ഓവറിൽ മാത്രം റസൽ മൂന്നുവിക്കറ്റാണ് വീഴ്ത്തിയത്. പാറ്റ് കുമ്മിൻസ് രണ്ടും വരുൺ ചക്രബർത്തി, ഷാക്കിബുൽ ഹസൻാ പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.