കറക്കിയെറിഞ്ഞ് കുൽദീപും അശ്വിനും; ഇംഗ്ലണ്ട് 218ന് പുറത്ത്
text_fieldsധരംശാല: ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ തകർന്നടിഞ്ഞ് ഇംഗ്ലീഷ് ബാറ്റിങ് നിര. കുൽദീപ് യാദവ് അഞ്ചു വിക്കറ്റുമായും കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രൻ അശ്വിൻ നാല് വിക്കറ്റുമായും കളം നിറഞ്ഞ അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സന്ദർശകർ 218 റൺസിനാണ് പുറത്തായത്. രവീന്ദ്ര ജദേജ ഒരു വിക്കറ്റ് നേടി.
108 പന്ത് നേരിട്ട് 79 റൺസ് നേടിയ ഓപണർ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബെൻ ഡക്കറ്റുമായി (27) ആദ്യ വിക്കറ്റിൽ 64 റൺസ് ചേർത്ത സാക് ക്രോളിയുടെ സ്റ്റമ്പ് സ്കോർ ബോർഡിൽ 137 റൺസുള്ളപ്പോൾ കുൽദീപ് തെറിപ്പിച്ചതോടെ ഇംഗ്ലണ്ടിന്റെ കൂട്ടത്തകർച്ചക്കും തുടക്കമായി.
ഒമ്പതാം വിക്കറ്റിൽ ബെൻ ഫോക്സും ശുഐബ് ബഷീറും ചേർന്നുള്ള സഖ്യത്തിന്റെ ചെറുത്തുനിൽപ്പാണ് സ്കോർ 200 കടത്തിയത്. എട്ടിന് 183 റൺസെന്ന നിലയിൽ ഒന്നിച്ച ഇവർ 35 റൺസാണ് കൂട്ടിച്ചേർത്തത്. 24 റൺസെടുത്ത ബെൻ ഫോക്സിനെ അശ്വിൻ ബൗൾഡാക്കിയതോടെ ഈ ചെറുത്തുനിൽപ്പിനും വിരാമമായി. ശുഐബ് ബഷീർ 11 റൺസുമായി പുറത്താകാതെനിന്നു.
ഒലി പോപ് (11), ജോ റൂട്ട് (26), ജോണി ബെയർസ്റ്റോ (29), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (0), ടോം ഹാർട്ട്‍ലി (6), മാർക് വുഡ് (0) ജെയിംസ് ആൻഡേഴ്സൺ (0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.