92 വർഷത്തിനിടെ ആദ്യം! ധരംശാലയിൽ കുൽദീപ് യാദവിന് അപൂർവ റെക്കോഡ്
text_fieldsധരംശാല: പന്തുകൊണ്ട് കുൽദീപ് യാദവും ആർ. അശ്വിനും ഇന്ദ്രജാലം കാണിച്ചപ്പോൾ, ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 218 റൺസിന് പുറത്തായി. കുൽദീപിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് സന്ദർശകരെ തകർത്തത്.
15 ഓവറിൽ 72 റൺസ് വിട്ടുകൊടുത്താണ് താരം ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആര്‍. അശ്വിൻ നാലു വിക്കറ്റുകൾ സ്വന്തമാക്കി. രവീന്ദ്ര ജഡേജക്കാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്. ഓപ്പണർ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 108 പന്തുകൾ നേരിട്ട താരം 79 റൺസെടുത്തു പുറത്തായി.
ടെസ്റ്റിന്‍റെ ഒന്നാംദിനത്തിൽതന്നെ കുൽദീപ് അപൂർവ റെക്കോഡ് സ്വന്തമാക്കി. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിൽ അതിവേഗം 50 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി കുൽദീപ്. 1871 പന്തുകളിലാണ് താരം 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 2205 പന്തിൽനിന്ന് 50 വിക്കറ്റ് നേടിയ അക്സർ പട്ടേലും 2520 പന്തിൽ 50 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് തൊട്ടുപിന്നിൽ. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ 2000ത്തിൽ താഴെ പന്തുകൾ എറിഞ്ഞ് ഒരു ഇന്ത്യൻ ബൗളർ 50 വിക്കറ്റുകൾ നേടുന്നത് ആദ്യമാണ്.
ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമയും (83 പന്തിൽ 52), ശുഭ്മൻ ഗില്ലുമാണ് (39 പന്തിൽ 26) ക്രീസിൽ. അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളാണ് പുറത്തായത്. 58 പന്തുകളിൽനിന്ന് 57 റൺസെടുത്താണ് താരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.