‘എനിക്ക് സമയമില്ല’; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനില്ലെന്ന് സംഗക്കാരയും
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് മുൻ ശ്രീലങ്കൻ നായകനും രാജസ്ഥാൻ റോയൽസ് പരിശീലകനുമായ കുമാർ സംഗക്കാര. ഇന്ത്യയുടെ മുഴുസമയ പരിശീലകനാകാൻ സമയമില്ലെന്ന് ലങ്കൻ ഇതിഹാസം വ്യക്തമാക്കി.
ജൂണിലെ ട്വന്‍റി20 ലോകകപ്പോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. പരിശീലകരാകാൻ താൽപര്യമുള്ളവരിൽനിന്ന് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ പരിശീലക സ്ഥാനത്തേക്ക് പലരുടെയും പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. മുൻ ആസ്ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാങ്കർ എന്നിവരെ ബി.സി.സി.ഐ സമീപിച്ചിരുന്നെങ്കിലും ഇരുവരും താൽപര്യം കാണിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
മുൻ സിംബാബ്വെ സൂപ്പർ താരം ആൻഡി ഫ്ലവറിനെ ബന്ധപ്പെട്ടെങ്കിലും താരം ഓഫർ നിരസിച്ചതായി റിപ്പോർട്ടുണ്ട്. ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സംഗക്കാര ഇന്ത്യൻ പരിശീലകനാകാൻ സമയമില്ലെന്ന് പ്രതികരിച്ചത്. പുതിയ പരിശീലകൻ വർഷത്തിൽ 10 മാസവും ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകണമെന്ന് ബി.സി.സി.ഐ നിഷ്കർഷിക്കുന്നുണ്ട്.
വിദേശ പരിശീലകരിൽ പലരും പിന്നാക്കം പോകുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ഈ മാനദണ്ഡമാണ്. ‘എന്നെ ആരും സമീപിച്ചിട്ടില്ല. ഒരു മുഴുസമയ ഇന്ത്യൻ പരിശീലകനാകാൻ സമയമില്ല. രാജസ്ഥാൻ റോയൽസിനൊപ്പം സന്തോഷവാനാണ്, അത് എങ്ങനെ പോകുന്നുവെന്ന് നമുക്ക് നോക്കാം’ -സംഗക്കാര പ്രതികരിച്ചു. കിരീടം നേടാനായില്ലെങ്കിലും രാജസ്ഥൻ പരിശീലകനെന്ന നിലയിൽ സംഗക്കാര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടീം മാനേജ്മെന്‍റും അദ്ദേഹത്തിന്‍റെ കാര്യത്തിൽ സംതൃപ്തരാണ്.
കഴിഞ്ഞ മൂന്നു സീസണുകളിൽ രണ്ടു തവണയാണ് ടീം പ്ലേ ഓഫിലെത്തിയത്. 39 റൺസിന് രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഐ.പി.എൽ ഫൈനലിലെത്തിയത്. ഞായറാഴ്ച നടക്കുന്ന കലാശക്കളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.