വെസ്റ്റിൻഡീസ് വിജയത്തിൽ കണ്ണുനിറഞ്ഞ് ലാറ, കെട്ടിപ്പിടിച്ച് ഗിൽക്രിസ്റ്റ്; കമന്ററി ബോക്സിൽ നാടകീയ രംഗങ്ങൾ
text_fieldsബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ മണ്ണിൽ 27 വർഷത്തിന് ശേഷം ടെസ്റ്റ് ജയിച്ച് കരീബിയൻ പട ചരിത്രം കുറിക്കുമ്പോൾ കമന്ററി ബോക്സിൽ കണ്ണീരണിഞ്ഞ് ഇതിഹാസ താരം ബ്രയൻ ലാറ. ബ്രിസ്ബെയ്നിലെ ഗാബയിൽ നടന്ന മത്സരത്തിൽ ഷമർ ജോസഫ് ആസ്ട്രേലിയയുടെ അവസാന വിക്കറ്റും പിഴുതതോടെ സീറ്റിൽനിന്ന് ആവേശപൂർവം ചാടിയെണീറ്റ ലാറ വികാരഭരിതനാവുകയും മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ സഹകമന്റേറ്റർ ആദം ഗിൽക്രിസ്റ്റിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഗിൽക്രിസ്റ്റും സഹകമന്റേറ്ററും ലാറയുടെ സന്തോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വിഡിയോ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘വെസ്റ്റിൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ വലിയ ദിനം’ എന്നാണ് വിജയത്തെ ലാറ വിശേഷിപ്പിച്ചത്.
‘അവിശ്വസനീയം. ആസ്‌ട്രേലിയയിൽ അവരെ തോൽപ്പിക്കാനെടുത്തത് 27 വർഷം. അനുഭവപരിചയമില്ലാത്ത, എഴുതിത്തള്ളിയ ഈ വെസ്റ്റ് ഇൻഡീസ് ടീമിന് ഇന്ന് തലയുയർത്തിപ്പിടിച്ച് നിൽക്കാനാകും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് ഇന്ന് വലിയ ദിനമാണ്. ആ ടീമിലെ ഓരോ അംഗത്തിനും അഭിനന്ദനങ്ങൾ’ -ലാറ കമന്ററി ബോക്സിലിരുന്ന് ആഹ്ലാദത്തോടെ പറഞ്ഞുതീർത്തു.
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ എട്ടു റണ്‍സിന്റെ വിജയമാണ് വെസ്റ്റിന്‍ഡീസ് യുവനിര സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരമടങ്ങിയ പരമ്പര 1-1ന് സമനിലയിലുമായിരുന്നു. 1997ല്‍ പെര്‍ത്തിലായിരുന്നു വെസ്റ്റിൻഡീസിന്റെ അവസാന വിജയം. അന്ന് ആദ്യ ഇന്നിങ്സിൽ 132 റൺസടിച്ച് ബ്രയൻ ലാറയായിരുന്നു വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
അരങ്ങേറ്റ പരമ്പരയിൽ മിന്നുംപ്രകടനം നടത്തിയ വിൻഡീസ് പേസർ ഷമര്‍ ജോസഫാണ് ഓസീസിനെ തകർത്തത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റെടുത്ത ഷമർ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസുമായി. 216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയയെ 207 റണ്‍സിന് വിന്‍ഡീസ് കൂടാരം കയറ്റുകയായിരുന്നു. രണ്ടിന് 113 റൺസ് എന്ന ശക്തമായ നിലയിൽ നിന്നായിരുന്നു തകർച്ച. 91 റണ്‍സുമായി പുറത്താകാതെ നിന്ന ഓപണര്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് പൊരുതിയത്. കാമറൂണ്‍ ഗ്രീൻ 42 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് (21) ഉസ്മാന് ഖ്വാജ (10), മാര്‍നസ് ലബുഷെയ്ന് (5), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (10), അലക്സ് കാരി (2) എന്നിവരെല്ലാം വേഗം പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.