'മകൻ ട്വീറ്റുകൾ വായിച്ച് ചിരിക്കുന്നു'; സൈബർ ആക്രമണത്തിന് ഇരയായ അർഷ്ദീപ് സിങ്ങിന്‍റെ രക്ഷിതാക്കൾ
text_fieldsഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ഇന്ത്യൻ ബോളർ അർഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ താരം വിട്ടു കളഞ്ഞ ക്യാച്ചാണ് രോഷത്തിന് കാരണം.
18ാം ഓവറിലാണ് ആസിഫ് അലിയുടെ അനായാസ ക്യാച്ച് മിസാക്കിയത്. ആസിഫിന്‍റെ വിക്കറ്റ് കിട്ടിയിരുന്നെങ്കിൽ കളി ജയിക്കുമായിരുന്നു എന്നതാണ് ഇവരുടെ വാദം. മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലെ ട്വീറ്റുകൾ വായിച്ച് താൻ ചിരിക്കുകയാണെന്നാണ് താരം രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.
'എല്ലാ വിമർശനങ്ങളും ചിരിയോടെയാണ് കാണുന്നത്. ഈ ട്വീറ്റുകളും സന്ദേശങ്ങളും വായിച്ച് ചിരിക്കുകയാണ്. ഞാൻ അതിൽനിന്ന് പോസിറ്റീവ് വശങ്ങൾ മാത്രം സ്വീകരിക്കും. ഈ സംഭവം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി'-അർഷ്ദീപ് പറഞ്ഞതായി പിതാവ് ദർശൻ അർഷ്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.
ടീമിലെ സഹതാരങ്ങളെല്ലാം പിന്തുണക്കുന്നതായി മകൻ പറഞ്ഞതായി അർഷ്ദീപിന്‍റെ മാതാവ് ബൽജീത് അറിയിച്ചു. 'ഒരു രക്ഷിതാവ് എന്ന നിലയിൽ, ഇത് വളരെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് 23 വയസ്സ് മാത്രമാണ് പ്രായം. ട്രോളുകളെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. എല്ലാവരുടെയും വായ അടക്കാൻ പറ്റില്ല. ആരാധകരില്ലാതെ കളിയില്ല. എന്ത് വന്നാലും കൂടെ നിൽക്കുന്ന ചിലരുണ്ട്, ഒരു നഷ്ടം പോലും ദഹിക്കാൻ പറ്റാത്തവരുമുണ്ട്. എന്നാൽ ദിവസാവസാനം ഒരു ടീമിന് മാത്രമേ വിജയിക്കാനാകൂ' -അർഷ്ദീപിന്‍റെ പിതാവ് ദർശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.