'ഒരാഴ്ചത്തേക്ക് ഐ.പി.എൽ ഒഴിവാക്കു; പ്രതിഷേധങ്ങളെ പിന്തുണക്കു'; ശ്രീലങ്കൻ താരങ്ങളോട് അർജുന രണതുംഗ
text_fieldsഒരാഴ്ചത്തേക്ക് ഐ.പി.എൽ മത്സരങ്ങൾ ഒഴിവാക്കി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണക്കാൻ ശ്രീലങ്കൻ താരങ്ങളോട് മുൻ ക്രിക്കറ്റ് താരവും മന്ത്രിയുമായ അർജുന രണതുംഗ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രസിഡന്‍റ് ഗോടബയ രാജപക്സയുടെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി ജനം തെരുവിലാണ്. രാജ്യത്ത് ഭക്ഷ്യ, ഇന്ധന ക്ഷാമവും രൂക്ഷമാണ്.
ഏതാനും ക്രിക്കറ്റ് താരങ്ങൾ ആഡംബരത്തോടെയാണ് ഐ.പി.എല്ലിൽ കളിക്കുന്നത്. രാജ്യത്തിനുവേണ്ടി അവർ സംസാരിക്കുന്നില്ല. സർക്കാറിനെതിരെ സംസാരിക്കാൻ ജനം ഭയക്കുന്നു. സർക്കാറിനു കീഴിലുള്ള ക്രിക്കറ്റ് ബോർഡിനു വേണ്ടിയാണ് ഈ താരങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ജോലി സംരക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്. യുവ താരങ്ങൾ പ്രതിഷേധങ്ങളെ പിന്തുണച്ച് സംസാരിച്ചതുപോലെ മുതിർന്ന താരങ്ങളും രംഗത്തുവരണമെന്നും അർജുന രണതുംഗ ആവശ്യപ്പെട്ടു.
തെറ്റായ കാര്യങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ ജോലി നോക്കാതെ, അതിനെതിരെ രംഗത്തുവരാനും സംസാരിക്കാനുമുള്ള ആർജവം കാണിക്കണം. ഞാൻ എന്തുകൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ 19 വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും നേതാക്കളും പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടില്ല. ഈ രാജ്യത്തെ ജനങ്ങളുടെ ഏറ്റവും വലിയ ശക്തി അതാണ് -രണതുംഗ കൂട്ടിച്ചേർത്തു.
നേരത്തെ വാനിന്ദു ഹസാരംഗ, ഭാനുക രാജപക്സ തുടങ്ങിയ താരങ്ങൾ രാജ്യത്തെ പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.