ഇങ്ങോട്ട് ചൊറിഞ്ഞ കേന്ദ്രമന്ത്രിയെ വിഹാരി കയറി 'മാന്തി', പിന്തുണച്ച് അശ്വിനും സെവാഗും
text_fieldsന്യൂഡൽഹി: പരിക്കേറ്റിട്ടും പതറാതെ സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് വിജയത്തോളം പോന്ന സമനില നൽകിയ ഹനുമാൻ വിഹാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. എല്ലാവരും പ്രശംസിച്ച വിഹാരിയുടേയും അശ്വിേന്റയും ഇന്നിങ്സിനെ അനാവശ്യമായി വിമർശിച്ച കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുൽ സുപ്രിയോയെ ഒരൊറ്റ വാക്കുകൊണ്ട് വിഹാരി വീഴ്ത്തി.
മത്സരം നടക്കുന്നതിനിടെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രികൂടിയായ ബാബുൽ സുപ്രിയോ ട്വീറ്റ് ചെയ്തതിങ്ങനെ: ''ഏഴ് റൺസെടുക്കാൻ കളിച്ചത് 109 പന്തുകൾ. ഇത് വളരെ മോശമാണ്. 'ഹനുമ ബിഹാരി' കൊന്നത് ഇന്ത്യക്ക് ചരിത്രജയം നേടാനുള്ള അവസരം മാത്രമല്ല, ക്രിക്കറ്റിനെക്കൂടിയാണ്. വിദൂര സാധ്യതയാണെങ്കിൽപോലും വിജയത്തിനായി ശ്രമിക്കാതിരിക്കുന്നത് കുറ്റമാണ്. nb: എനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയില്ല എന്ന് എനിക്കറിയാം''.
എന്നാൽ ട്വീറ്റിന് താഴെ വിഹാരി തന്‍റെ പേര് തെറ്റായി 'ബിഹാരി' എന്നെഴുതിയ കേന്ദ്രമന്ത്രിക്ക് ശരിക്കുള്ള പേര് മറുപടിയായി ട്രോളായി എഴുതി നൽകി . വിഹാരിയുടെ മറുപടി ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു. കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് 3400 ലൈക് മാത്രം ലഭിച്ചപ്പോൾ വിഹാരിയുടെ മറുപടിക്ക് 70000ത്തോളം ലൈക്സ് ലഭിച്ചു.
തൊട്ടുപിന്നാലെ ഇതിന്‍റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത് അശ്വിനും എത്തി. ചിരിച്ചുചത്തു എന്നർഥം വരുന്ന 'ROFLMAX' എന്ന വാക്കാണ് അശ്വിൻ ഉപയോഗിച്ചത്. ''അപ്ന വിഹാരി, സബ് ബർ വിഹാരി' എന്നെഴുതി വീരേന്ദർ സെവാഗും സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തു.
സിഡ്നി ടെസ്റ്റിൽ തോൽവി ഭയന്നിരുന്ന ഇന്ത്യയെ 161പന്തിൽ 23 റൺസെടുത്ത വിഹാരിയും 128 പന്തിൽ 39 റൺസെടുത്ത അശ്വിനും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.